കൊല്ലം: മകളുമായുള്ള സൗഹൃദത്തിന്റെ പേരില്‍ യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം ദുരഭിമാനക്കൊലയെന്ന് വീട്ടുകാര്‍ ആവര്‍ത്തിക്കുമ്പോഴും അല്ലെന്നാണ് പോലീസ് ഭാഷ്യം. നിരവധി സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കൃത്യം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നത്. മദ്യലഹരിയെത്തുടര്‍ന്നുണ്ടായ കൊലപാതകമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരവിപുരം നാന്‍സി വില്ലയില്‍ അരുണ്‍ കുമാറിനെയാണ് ഇരവിപുരം വഞ്ചിക്കോവില്‍ സ്വദേശി പ്രസാദ് കുത്തി കൊലപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...

പ്രസാദിന്റെ മകളുമായി അരുണ്‍ സൗഹൃദത്തിലായിരുന്നു. മുന്‍പും അരുണിനെ പ്രസാദ് ഭീഷണിപ്പെടുത്തി.ഇരവിപുരം പൊലീസില്‍ ഇതുസംബന്ധിച്ച് പരാതിയുണ്ടായിരുന്നു. ഇതോടെ വിവാഹം നടത്തികൊടുക്കാമെന്ന് പ്രസാദ് പറഞ്ഞിരുന്നു. പിന്നാലെ ബന്ധുക്കളുടെ വിവാഹ ചടങ്ങുകളില്‍ പ്രസാദ് അരുണിനെയും പങ്കെടുപ്പിച്ചു.ഓണാഘോഷത്തിനും അരുണിനെ പ്രസാദ് വിളിച്ചു. എന്നാല്‍ മദ്യപിച്ചാല്‍ പ്രശ്നമുണ്ടാക്കുന്നയാളാണ് പ്രസാദെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ അരുണുമായി വാക്കേറ്റമുണ്ടായശേഷം പ്രസാദ് കുത്തുകയായിരുന്നു.

എന്നല്‍ ദുരഭിമാനക്കൊലയെന്ന് ആവര്‍ത്തിക്കുകയാണ് അരുണിന്റെ ബന്ധുക്കള്‍.പ്രസാദിന്റെ മകളെ പ്രണയിച്ചതിന്റെ വൈരാഗ്യത്തിലാണ് തന്റെ മകനെ കൊലചെയ്തതെന്നാണ് അരുണ്‍കുമാറിന്റെ പിതാവ് ഷിജു ആരോപിക്കുന്നത്.ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.വിവാഹം കഴിച്ചുനല്‍കാമെന്ന് പലപ്പോഴും ഉറപ്പുനല്‍കിയിരുന്നെങ്കിലും പ്രസാദ് പലപ്പോഴും അരുണിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.

അരുണ്‍ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ ഹിന്ദുമതവിഭാഗത്തില്‍പ്പെട്ട പ്രസാദിന് വിവാഹത്തിന് താത്പര്യമില്ലായിരുന്നുവെന്നും അരുണിന്റെ ബന്ധുക്കള്‍ പറഞ്ഞു.പ്രസാദിന്റെ മകളുമായി വിവാഹം നടത്താന്‍ അരുണിന്റെ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നു.എന്നാല്‍, വ്യത്യസ്തമതവിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ പ്രസാദിന് ഇതില്‍ താത്പര്യമുണ്ടായിരുന്നില്ല.ഇതിന്റെ പേരില്‍ പലതവണ ഭീഷണി മുഴക്കിയിരുന്നതായും യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

സംഭവദിവസം രാവിലെയും അരുണുമായി പ്രസാദ് വാക്കേറ്റമുണ്ടായി. ഇതിനെത്തുടര്‍ന്ന് വൈകീട്ടോടെ അരുണും സുഹൃത്തും കൂടി ഇരട്ടക്കടയിലെത്തി.സംസാരത്തിനിടയില്‍ ഇരുവരും കൈയേറ്റത്തിലെത്തുകയും കുത്തേറ്റ് അരുണ്‍ മരിക്കുകയുമായിരുന്നു.പ്രസാദ് അരുണ്‍കുമാറിന്റെ നെഞ്ചിലാണ് കത്തി കുത്തിയിറക്കിയതെന്ന് ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു.ശ്വാസകോശത്തില്‍ ആഴത്തില്‍ മുറിവേറ്റതാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രസാദിനെ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.സംഭവത്തിന് ശേഷം പ്രസാദ് ശക്തികുളങ്ങര പൊലീസില്‍ കീഴടങ്ങുകയായിരുന്നു.തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ ഇന്നലെ വെസ്റ്റ് പൊലീസിനു കൈമാറി.വെസ്റ്റ് പൊലീസ് ആണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.