- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയര്‍ തര്‍ക്കം മുറുകിയതോടെ ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ജോമോന്‍ നേരത്തെയും പദ്ധതിയിട്ടു; പണം തിരികെ വാങ്ങി നല്‍കിയാല്‍ ആറ് ലക്ഷം നല്‍കാമെന്ന് ക്വട്ടേഷന്‍ കരാര്‍; കാറ്ററിങ് കമ്പനി മുന്‍ ഉടമയുടെ മരണം സംഭവിച്ചത് കാറില്‍ വച്ചുള്ള മര്‍ദ്ദനം കൈവിട്ടുപോയതോടെ; തൊടുപുഴയിലെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പി
തൊടുപുഴയിലെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പി
തൊടുപുഴ: ചുങ്കം സ്വദേശിയും കാറ്ററിങ് കമ്പനി മുന്‍ ഉടമയുമായ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമെന്ന് ഇടുക്കി എസ്പി ടി.കെ.വിഷ്ണുപ്രദീപ് നേരത്തെയും ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നു. ''വ്യാഴാഴ്ച രാവിലെ കാറിലാണു ബിജുവിനെ പ്രതികള്‍ തട്ടിക്കൊണ്ടു പോയത്. ബിജു കാറില്‍ വച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. പത്തു മണിയോടെ മൃതദേഹം ഗോഡൗണില്‍ എത്തിച്ചു. ഒന്നാം പ്രതി ജോമോനാണു ക്വട്ടേഷന്‍ കൊടുത്തത്. കേസില്‍ ആകെ നാല് പ്രതികളാണുള്ളത്. ജോമോന്‍ ഉള്‍പ്പെടെ 3 പേര്‍ കസ്റ്റഡിയിലായി. ഒരാള്‍ കാപ്പ നിയമപ്രകാരം ജയിലിലാണ്.'' എസ്പി വിശദീകരിച്ചു.
സാമ്പത്തിക തര്‍ക്കമാണു കൊലപാതകത്തിനു കാരണം. ബിജുവും ജോമോനും തമ്മില്‍ ഏറെനാളായി പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇവര്‍ പങ്കാളികളായി നേരത്തേ ബിസിനസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ ബിജുവിനെ പിന്നീട് കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കള്‍ ബിജുവിനെ കാണാനില്ലെന്നു പരാതി നല്‍കി.
ബിജിവും ജോമോനും തമ്മിലുണ്ടായിരുന്നത് ഷെയര്‍ തര്‍ക്കമാണെന്ന് പൊലീസ് വിശദീകരിക്കുന്നു. ബിജുവില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ ജോമോന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. പണം തിരികെ വാങ്ങി നല്‍കിയാല്‍ ആറ് ലക്ഷം രൂപ നല്‍കാം എന്നതായിരുന്നു ക്വട്ടേഷന്‍ കരാര്‍. ചെലവുകള്‍ക്കായി 12000 രൂപ ജോമോന്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ വാഹനത്തില്‍ തട്ടിക്കൊണ്ട് പോകുന്നതിനിടയില്‍ ബിജുവിനെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ബിജുവിന്റെ സുഹൃത്ത് ജോമോന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നാലുപേരാണ് കേസിലെ പ്രതികള്‍. പ്രതികളില്‍ ഒരാളായ ആഷിക് കാപ്പാക്കേസില്‍ എറണാകുളത്ത് റിമാന്‍ഡിലാണ്. മറ്റൊരു കാപ്പാ പ്രതി മുഹമ്മദ് അസ്ലം, ബിബിന്‍ എന്നിവര്‍ കസ്റ്റഡിയില്‍ ഉണ്ട്.
സംഭവം ഇങ്ങനെ:
കാലങ്ങളായി പങ്കാളികളായിരുന്നു ബിജുവും ജോമോനും. തൊടുപുഴ, ഉപ്പുതറ, തൊടുപുഴ ഡിവൈഎസ്പി ഓഫിസ് എന്നിവിടങ്ങളില്‍ പരാതികളും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ബിജുവില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ ജോമോന്‍ ക്വട്ടേഷന്‍ നല്‍കുന്നത്. പരിചയക്കാരനായ ബിബിന്‍, വിപിന്‍ മുഹമ്മദ് അസലം, ആഷിക്ക് എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച എത്തിയ ഇവര്‍ ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാര്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചിരുന്നു. മരണം സംഭവിച്ചതിനെ തുടര്‍ന്ന് കലയന്താനിയിലെ ഗോഡൗണിലെത്തിച്ച് ബിജുവിന്റെ മൃതദേഹം മാന്‍ ഹോളിന് ഉള്ളിലേക്ക് തള്ളിയിടുകയായിരുന്നു
വൈകുന്നേരത്തോടെ, മൃതദേഹം കലയന്താനിയിലെ മാന്‍ഹോളില്‍നിന്നു പുറത്തെടുത്തു. ഭിത്തിയടക്കം തുരന്നു പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മാറ്റി. ബിജുവിനെ കൊന്നു കലയന്താനിയിലെ ഗോഡൗണില്‍ കുഴിച്ചുമൂടി എന്നായിരുന്നു പ്രതികളുടെ മൊഴി. ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളുന്ന മാലിന്യ സംസ്‌കരണ കുഴിയിലേക്ക് പോകുന്ന മാന്‍ഹോളിലായിരുന്നു മൃതദേഹം. ശരീരത്തിനു മുകളില്‍ മാലിന്യങ്ങള്‍ തള്ളിയ നിലയിലായിരുന്നു. മൃതദേഹം മാന്‍ഹോളില്‍ നിന്ന് പുറത്തെത്തിക്കുന്നത് ശ്രമകരമായിരുന്നു. മാന്‍ഹോളിന്റെ മറുവശത്തെ കോണ്‍ക്രീറ്റ് പൊട്ടിച്ച് വിസ്താരം വര്‍ധിപ്പിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഇന്നലെ വൈകിട്ട് തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്വട്ടേഷന്‍ സംഘത്തെ പിടികൂടുന്നത്. കാപ്പാ കേസ് ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള ഇവര്‍ എന്തിന് തൊടുപുഴയിലെത്തി എന്ന അന്വേഷണമാണ് ബിജുവിന്റെ തിരോധാന കേസുമായി ബന്ധപ്പെട്ട പരാതിയില്‍ ചെന്നെത്തിയത്. ജോമോനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്.