തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ സംവിധായകനും സിപിഎം മുന്‍ എംഎല്‍എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നുപിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തുവെന്നാണ് കേസ്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കാന്റോണ്‍മെന്റ് പോലീസ് ചുമത്തിയിരിക്കുന്നത്.

ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിന് രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെത്തിയപ്പോഴാണ് ഹോട്ടല്‍ മുറിയില്‍ വെച്ച് അതിക്രമം നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന പി.ടി. കുഞ്ഞുമുഹമ്മദിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ്, കുറ്റക്കാരനാണെന്ന് ഉറപ്പിച്ച് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സംഭവസമയത്ത് പി.ടി. കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന മുറിയുടെ സമീപത്തുനിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവായി പോലീസ് ഹാജരാക്കിയിട്ടുണ്ട്. രഹസ്യമൊഴിയിലും ചലച്ചിത്ര പ്രവര്‍ത്തക തന്റെ പരാതി ആവര്‍ത്തിച്ചിരുന്നു. ഈ തെളിവുകളെല്ലാം ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഈ കേസിന്റെ വിചാരണ നടപടികള്‍ ഇനി ആരംഭിക്കും.