കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെയുള്ള ഗോവിന്ദപുരത്തെ ദീപക്കിന്റെ ആത്മഹത്യയില്‍, മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.

അതിനിടെ, ദീപകിന്റെ കുടുംബം, സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി.

ദീപക്കിനെ യുവതി മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുകയായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. ജോലിയാവശ്യാര്‍ത്ഥം കഴിഞ്ഞ വെള്ളിയാഴ്ച തിരക്കുള്ള ബസില്‍ യാത്ര ചെയ്യുകയായിരുന്ന ദീപക്, ഇരിക്കാന്‍ സ്ഥലമില്ലാതെ നില്‍ക്കുന്ന സമയത്താണ് യുവതി വീഡിയോ ചിത്രീകരിക്കുകയും പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഇത് മനഃപൂര്‍വം ചെയ്തതാണെന്നും കുടുംബം പരാതിയില്‍ പറയുന്നു. കളക്ടര്‍ക്കും മനുഷ്യാവകാശ കമ്മിഷനും ഡിജിപിക്കും പരാതി കൈമാറുമെന്നും ദീപകിന്റെ കുടുംബം വ്യക്തമാക്കി.

ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഗോവിന്ദപുരം സ്വദേശിയായ ദീപകിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു യുവതിയുടെ പ്രധാന ആരോപണം.

ദീപകിന്റെ മരണത്തിന് പിന്നാലെ ആരോപണം ഉന്നയിച്ച യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. ആദ്യ വീഡിയോയ്ക്ക് പിന്നാലെ യുവതി പങ്കുവെച്ച രണ്ടാം വീഡിയോ നീക്കം ചെയ്തിട്ടുണ്ടെങ്കിലും, ബസില്‍നിന്ന് പകര്‍ത്തിയ ആദ്യ വീഡിയോ ഇപ്പോഴും അക്കൗണ്ടില്‍ ലഭ്യമാണ്. യുവതിക്കെതിരെ വന്‍തോതില്‍ സൈബറാക്രമണവും നടക്കുന്നുണ്ട്.

അതിനിടെ, രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തിലുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ദീപക്കിന്റെ മരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ഇവര്‍ പരാതി നല്‍കുമെന്നാണ് വിവരം. ഈ സംഭവത്തില്‍ നിയമപരമായ നടപടികളും സാമൂഹിക പ്രതികരണങ്ങളും തുടരുകയാണ്.

ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നോര്‍ത്ത് സോണ്‍ ഡി.ഐ.ജി. അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

കണ്ടന്റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളില്‍ പറയുന്നു. അഡ്വ. വി. ദേവദാസ്, അബ്ദുള്‍ റഹീം പൂക്കത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.