മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൃശൂര്‍, കണ്ണൂര്‍ സ്വദേശികളാണ് എല്ലാവരും. ഇവരെ കൂടാതെ അഞ്ച് പേര്‍ സ്വര്‍ണം മോഷണം സംഘത്തില്‍ ഉണ്ടെന്നാണ് വിവരം. പിടിയിലായവരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം മോഷണം പോയ സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അതേസമയം സ്‌കൂട്ടറില്‍ പോകുകയായിരുന്ന എം കെ ജ്വല്ലറി ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും പിന്തുടര്‍ന്നാണ് കാറിലുളള സംഘം സ്വര്‍ണ്ണം കവര്‍ന്നത്. രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറി മുതല്‍ തന്നെ കാര്‍ പിന്തുടരുന്നുണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് സംഘം പ്രവര്‍ത്തിച്ചത്. വീട്ടിലെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ മുമ്പാണ് ആക്രമണമുണ്ടായത്.

സ്‌കൂട്ടര്‍ ഇടിച്ച് വീഴ്ത്തി, നിലത്ത് വീണവരുടെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചു. അതിന് ശേഷം കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണമടങ്ങിയ ബാഗും സ്‌കൂട്ടറിന്റെ ഡിക്കിയിലുണ്ടായിരുന്ന ബാഗും കൊളളയടിക്കുകയായിരുന്നു. ജ്വല്ലറി അടച്ച ശേഷം വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്ന ഇവരെ ഇടിച്ചുവീഴ്ത്തിയാണ് അക്രമികള്‍ സ്വര്‍ണം കവര്‍ന്നത്.

കവര്‍ച്ചാ സംഘത്തിന്റെ ആസൂത്രിതമായ നീക്കമായാണ് പൊലീസ് സംഭവത്തെ കണക്കാക്കുന്നത്. വടക്കന്‍ കേരളത്തിലെ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പെരിന്തല്‍മണ്ണ പൊലിസീന്റെ അന്വേഷണം നടന്നത്. ഇതാണ് പ്രതികളിലേക്ക് വേഗത്തില്‍ എത്താന്‍ പോലീസിന് സാധിച്ചതും. പെരിന്തല്‍മണ്ണ ജൂബിലി ജംക്ഷന് സമീപത്ത് വച്ചാണ് ഇന്നലെ രാത്രി നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ആഭ്യന്തര വിപണിയില്‍ രണ്ടു കോടിക്ക് മുകളില്‍ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ന്നത്.

വീട്ടിലേക്ക് വരികയായിരുന്ന യൂസഫിനെയും ഷാനവാസിനെയും പിന്തുടര്‍ന്നെത്തിയ സംഘം, കാര്‍ ഉപയോഗിച്ച് സ്‌കൂട്ടര്‍ ഇടിച്ചിട്ടു. ഇവരുടെ വീടിന് തൊട്ടടുത്ത് വെച്ചായിരുന്നു ആക്രമണം. കാര്‍ ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. അക്രിമികള്‍ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ശേഷം സ്വര്‍ണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കാറില്‍ കടക്കുകയായിരുന്നു.

ഊട്ടി റോഡിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഓടിട്ട കെട്ടിടമായതിനാല്‍ ആഭരണങ്ങള്‍ കടയില്‍ സൂക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുവരികയാണ് പതിവ്. ഇതറിയാവുന്നവരാകും അക്രമികളെന്ന നിലയിലായിരുന്നു അന്വേഷണം പുരോഗമിച്ചത്.