താമരശ്ശേരി: അമ്പായത്തോട് ഇറച്ചിപ്പാറയില്‍ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് പോലീസ്. സംഭവത്തില്‍ 321 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പഞ്ചായത്തുകളില്‍ ഇന്ന് ഭാഗിക ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഡി.ഐ.ജി യതീഷ് ചന്ദ്ര സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സമാധാനപരമായി ഫ്രഷ് കട്ടിന് മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിടുകയായിരുന്നു പൊലീസ് എന്നും ഫ്രഷ് കട്ട് അടച്ചുപൂട്ടിയേ തീരൂ എന്നും ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.

'ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന, ദുര്‍ഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധിച്ച ജനങ്ങള്‍ക്ക് നേരെ ടിയര്‍ ഗ്യാസ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം നിരവധി സമരക്കാര്‍ക്കാണ് പരുക്കേറ്റിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറാകണം' -മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിഷേധങ്ങള്‍ക്കിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടിരുന്നു. സംഘര്‍ഷത്തില്‍ റൂറല്‍ എസ്.പി ഉള്‍പ്പെടെ 20ഓളം പൊലീസുകാര്‍ക്കും നിരവധി സമരക്കാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ. ബൈജു, താമരശ്ശേരി എസ്.എച്ച്.ഒ സായൂജ് കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഫ്രഷ് കട്ടിനെതിരെ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ രാപകല്‍ സമരം നടക്കുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 200ഓളം പേരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിനിടെ സമരസമിതി നേതാക്കളെ തേടി പൊലീസ് വീടുകളില്‍ പരിശോധന നടത്തിയത് സമരക്കാരെ പ്രകോപിപ്പിച്ചു.

വൈകീട്ട് നാലോടെ ഫ്രഷ് കട്ട് ഫാക്ടറിയിലേക്കുള്ള റോഡ് ഇവര്‍ ഉപരോധിച്ചു. ഇതിനിടയില്‍ ഫാക്ടറിയിലേക്ക് വന്ന വാഹനം തടഞ്ഞ സമരക്കാരെ നീക്കംചെയ്യുന്നതിനിടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ പൊലീസിനും പരിക്കേറ്റു. ഇതോടെയാണ് പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതും ലാത്തിച്ചാര്‍ജ് നടത്തിയതും. കോഴിമാലിന്യം സംസ്‌കരിക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുന്നതില്‍ പ്രതിഷേധിച്ച് ഫാക്ടറിക്കെതിരെ ഏറെനാളായി നാട്ടുകാര്‍ സമരത്തിലാണ്. ഫാക്ടറി പൂട്ടാന്‍ നിരവധി ഉത്തരവുകളുണ്ടായെങ്കിലും അതൊന്നും നടപ്പാക്കാതെ അധികൃതര്‍ ഫാക്ടറിയെ സംരക്ഷിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പരാതി.

സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കാരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു.മാരക ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും തൊഴിലാളികളെ കണ്ടെയ്‌നര്‍ ലോറിക്ക് അകത്തിട്ട് പൂട്ടിയെന്നും എഫ്‌ഐആറിലുണ്ട്. കൊല്ലണം എന്ന ഉദ്ദേശത്തോടെ ലോറിക്ക് തീയിട്ടുവെന്നുമാണ് എഫ്‌ഐആര്‍. പ്ലാന്റും വാഹനങ്ങളും തകര്‍ത്തതില്‍ ഏകദേശം അഞ്ചു കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശവാസി വാവി ആണ് കേസിലെ ഒന്നാം പ്രതി.

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണം ആണ് ഇന്നലെ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു കിലോമീറ്റര്‍ അപ്പുറം ഉള്ള സ്ഥിരം സമരവേദിയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുമ്പോള്‍ ആണ് മറ്റൊരു സംഘം മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ അകത്ത് കയറി വാഹനങ്ങള്‍ക്കും ഫാക്ടറിക്കും തീയിടുന്നത്. സിസിടിവി ക്യാമറകള്‍ നശിപ്പിച്ച സംഘം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കാണ് ആദ്യം തീ ഇട്ടത്. തീ അണക്കാന്‍ പുറപ്പെട്ട ഫയര്‍ ഫോഴ്സ് സംഘത്തെ പ്രതിഷേധക്കാര്‍ വഴിയില്‍ തടയുകയും ചെയ്തു.

തീ പടര്‍ന്നു പിടിക്കുമ്പോള്‍ 12 തൊഴിലാളികള്‍ ഫാക്ടറിക്ക് അകത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി കാട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രവും വാഹനങ്ങളും കത്തിച്ച സംഭവത്തില്‍ തുടര്‍ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്.