ദമാം: ഇപ്പോൾ മനുഷ്യർ എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള നെട്ടോട്ടത്തിലാണ്. അതിനായി ചിലർ പല വഴികളാണ് കണ്ടെത്തുന്നത്. ഭൂരിഭാഗം പേരും തട്ടിപ്പുകൾ നടത്തിയാണ് പെട്ടെന്ന് പണം കണ്ടെത്താൻ ശ്രമിക്കുന്നത്. അതും വേറെ രാജ്യത്ത് പോയി അവിടെ തട്ടിപ്പ് നടത്തിയാൽ എങ്ങനെയിരിക്കും. വലിയ തിരിച്ചടി തന്നെ കിട്ടും. ബിറ്റ്കോയിൻ മാർക്കറ്റിങ് നടത്തി തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇപ്പോൾ സൗദിയിൽ പിടിയിലായിരിക്കുന്നത്. അതിലും ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ.

സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അനധികൃതമായി ബിറ്റ്‌കോയിൻ വ്യാപാരത്തിനെത്തിയ മലയാളിയടക്കമുള്ളവർ അറസ്റ്റിൽ. കണ്ണൂർ, തളിപ്പറമ്പ് സ്വദേശിയായ ദുബായ് പ്രവാസിയാണ് (42) രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായതെന്നാണ് വിവരങ്ങൾ. ചൈന സ്വദേശിയാണ് മലയാളിക്കൊപ്പം പിടിയിലായ മറ്റൊരാൾ. സൗദിയിൽ അംഗീകാരമില്ലാത്ത ബിറ്റ്കോയിൻ മാർക്കറ്റിങിന് ദുബായിൽ നിന്നും സന്ദർശക വീസയിലെത്തിയതായിരുന്നു സംഘം.

സോഷ്യൽ മീഡിയ വഴി ബിറ്റ്‌കോയിൻ മാർക്കറ്റിങ് നടത്തി ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്ന സംഘം സൗദിയിൽ ആളുകളെ നേരിൽ കാണാൻ എത്തിയപ്പോഴാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വലയിൽ കുടുങ്ങി അറസ്റ്റിലായത്. അടുത്തിടെ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ച പശ്ചാത്തലത്തിൽ ജനങ്ങൾ ഏറെ ജാഗ്രത പുലർത്തണമെന്ന് സൗദി രഹസ്യാന്വേഷണ വിഭാഗം ഇടപാടുകാർ എന്ന രീതിയിൽ സമീപിച്ചാണ് ബിറ്റ്‌കോയിൻ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ബിറ്റ്കോയിൻ വ്യാപാരത്തിന്റെ കൂടിക്കാഴ്ചക്കായി കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ എത്തിയ രണ്ടുപേരേയും രഹസ്യാനേഷണ വിഭാഗം പിടികൂടുകയായിരുന്നു. ഓൺലൈൻ വഴി ധാരാളം തട്ടിപ്പുകൾ നടക്കുന്നതിനെതിരെ സൗദി അധികൃതർ ഏറെ ജാഗ്രതയാണ് പുലർത്തുന്നത് കുറ്റവാളികളെ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ അതിവേഗം പിടികൂടുന്നുമുണ്ട്. സൗദിയെ സംബന്ധിച്ചിടത്തോളം രാജ്യത്തെ നിയമം കർശനമായി പാലിക്കുന്നുണ്ട്.

എളുപ്പം ധനസമ്പാദനം എന്ന നിലയ്ക്ക ഇത്തരം അനധികൃതവും രാജ്യ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾക്ക് മുതിരുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ് ലഭിക്കുന്നതെന്നും മലയാളികളടക്കമുള്ളവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നുമാണ് കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകർ പറയുന്നത്.

മുൻപ് പ്രവാസി മലയാളികൾ ഇത്തരം നിയമവിരുദ്ധ അനധികൃത പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന ചരിത്രമുണ്ടായിട്ടില്ലെന്നും അതിനാൽ നമ്മളെകുറിച്ച് വിശ്വസ്തതയുണ്ടായിരുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി മലയാളി സമൂഹത്തെ ആകെ ബാധിക്കാമെന്നും സാമൂഹിക പ്രവർത്തകർ പറയുന്നു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സൗദി ബാങ്കുകൾ ദേശിയ തലത്തിൽ ബോധവൽക്കരണ ക്യാംപയിനുകൾ നവംബറിൽ തുടക്കം കുറിച്ചിരുന്നു. പ്രധാനമായും ഐഡന്റിറ്റി മോഷണം, തൊഴിൽ അവസരങ്ങളുടെ പേരിലുള്ള തട്ടിപ്പ്, ഡ്രൈവിങ് സ്കൂളുകളുടെ വ്യാജ വെബ്സൈറ്റുകൾ,ക്രിപ്റ്റോകറൻസി ട്രേഡിങ്, ബ്രാൻഡ് ഐറ്റങ്ങളുടെ വിൽപ്പന വ്യാജവെബസൈറ്റുകൾ, വ്യാജ ഓഫറുകൾ എന്നിവയിലൂടെയാണ് തട്ടിപ്പ് സംഘം ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ബാങ്കിങ് മീഡിയ ബോധവൽക്കരണ കമ്മറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബാങ്കുകളിൽ നിന്നോ മറ്റോ വിളിക്കുന്നതായുള്ള വ്യാജ കോളുകളിലൂടെ ഇരകളുടെ പക്കൽ നിന്നും വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ നേടും. വ്യാജ തൊഴിൽ ഓഫറുകളുടെ പേരിൽ തൊഴിൽ അന്വേഷകരായ ഇരകളിൽ നിന്നും ജോലിക്കാവശ്യമായ സർട്ടിഫിക്കേറ്റുകൾക്കെന്ന വിധത്തിൽ പണം ട്രാൻസ്ഫർ ചെയ്യിപ്പിക്കും.

വനിതകൾക്ക് പരിശീലനം കൂടാതെ ഡ്രൈവിങ് ലൈസൻസ് ലഭിക്കുമെന്ന വ്യാജ ഓഫറുകളുമായി സമീപിക്കുക, ഫോറെക്സ് പോലുള്ളവയുടെ വ്യാജ പേരിൽ അതിദ്രുത ലാഭം ലൈസൻസില്ലാതെ ഫോണിലൂടെയുള്ള ക്രിപ്റ്റോകറൻസി ബിസിനസ് വ്യാജ ഓഫറുകൾ, ബാങ്കുകൾ, ഷോപ്പിങ് സൈറ്റുകൾസ ഗവൺമെന്ഫ് ഏജൻസീസ് എന്നിവയുടെ വ്യാജ വെബ്സൈറ്റ് എന്നിവയിലൂടെ വിവരങ്ങൾ കൈക്കലാക്കുക, ഓഫർ നൽകുന്ന വ്യാജ പേജുകളിലൂടെ ഇരകളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുക എന്നിങ്ങനെയാണ് ഇത്തരം തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നതെന്ന് ക്യാംപയിനിൽ പറയുന്നു.