കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ പ്രതികളായ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. പ്രവാസി വ്യവസായിയാ ഗഫൂറില്‍ നിന്നു ഇവര്‍ സ്വര്‍ണം തട്ടിയെടുത്തിരുന്നു. ഇത് തിരിച്ചു നല്‍കേണ്ടി വരുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയത്.

അഭിവൃദ്ധിക്കായി ജിന്നുമ്മ നടത്തിയ മന്ത്രവാദം അടക്കമാണ് ഇവിടെ വില്ലനായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പൊലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തിരിച്ച് നല്‍കേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകം. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.

പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം സി അബ്ദുല്‍ഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വീട്ടില്‍ നിന്ന് 596 പവന്‍ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മരണത്തില്‍ സംശയമുയര്‍ന്നു.

അബ്ദുല്‍ ഗഫൂറിന്റെ മകന്‍ അഹമ്മദ് മുസമ്മില്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്നു അബ്ദുല്‍ ഗഫൂര്‍, ജിന്നുമ്മ. മരണമടഞ്ഞ രാത്രിയില്‍ ഹാജിയുടെ വീട്ടിലുള്ള സിസി ടിവി ക്യാമറ ഓഫ് ചെയ്തുവെച്ച നിലയിലായിരുന്നു. വീടിന്റെ മൂന്ന് വശത്തെ വാതില്‍ തുറന്ന് കിടന്നിരുന്നു. മാത്രമല്ല, ഭാര്യയെയും മകളെയും ഹാജി അന്ന് പകല്‍ നേരത്ത് മേല്‍പ്പറമ്പിലെ അവരുടെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തിരുന്നു. ഹാജിയുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചോളം ക്യാമറകളുടെ സ്വിച്ച് ഹാജിയുടെ കിടപ്പുമുറിയിലാണ്.

ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോള്‍ ഹാജിയുടെ വീടിന്റെ മുന്‍വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. കിടപ്പുമുറിയിലെത്തിയപ്പോള്‍, ഹാജി കട്ടിലിന് താഴെ നിലത്ത് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. ഹാജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതാകാമെന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍ മൃതദേഹം പൂച്ചക്കാട് വലിയ പള്ളി ഖബറിടത്തില്‍ മറവുചെയ്തതെങ്കിലും, ഹാജി ബന്ധുക്കള്‍ പലരില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ഉരുപ്പടികള്‍ എങ്ങും കാണാനില്ലെന്ന് ബോധ്യപ്പെട്ടത് പിന്നീടാണ്.

ഭാര്യയോടും സ്വന്തം സഹോദരിമാരോടും മറ്റും ദിവസങ്ങള്‍ക്ക് മുമ്പ് ഹാജി ശേഖരിച്ച മൂന്ന് കോടിയോളം രൂപ വില മതിക്കുന്ന 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോയ വഴികള്‍ നിഗൂഢത നിറഞ്ഞിരുന്നു. ഹാജിക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇളയ സഹോദരന്‍ ഷെരീഫ് ഹാജി പറഞ്ഞു. വര്‍ഷങ്ങളായി ഗഫൂര്‍ ഹാജിയും ഇബ്രാഹിം ഹാജിയുടെ മക്കളുമടങ്ങുന്നവര്‍ ഷാര്‍ജയില്‍ വ്യാപാരികളാണ്. അഞ്ചോളം ഷോപ്പുകള്‍ ഈ കുടുംബത്തിന് ഷാര്‍ജയിലുണ്ട്. ഹാജി അടുത്ത നാളുകളായി ഷാര്‍ജയിലും നാട്ടിലുമായിട്ടാണ് താമസം.

ഒരു മാസത്തിനകം തിരിച്ചുതരാമെന്ന് രക്തബന്ധുക്കളായ സ്ത്രീകളോട് പറഞ്ഞിട്ടാണ് ഹാജി 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കടമെന്ന നിലയില്‍ വാങ്ങിയത്. ഉദ്ദേശം മൂന്ന് കോടി രൂപയോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഹാജി നാലു സ്ത്രീകളില്‍ നിന്ന് ആവശ്യപ്പെട്ടപ്പോള്‍, സ്വര്‍ണം എന്തിനാണെന്ന് ഗഫൂര്‍ ഹാജിയിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രം സ്ത്രീകളാരും അങ്ങോട്ട് ചോദിച്ചിരുന്നില്ലെന്നതും സത്യമാണ്. മൃതദേഹം കബറടക്കിയ ശേഷം വീട്ടിലെത്തിയ ബന്ധുക്കളെല്ലാം ഒത്തുകൂടിയപ്പോഴാണ് 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ നടുക്കുന്ന വിവരം മറ നീക്കി പുറത്തുവന്നത്. ഹാജിക്ക് അക്കൗണ്ടുകളുള്ള രണ്ട് ബാങ്കുകളില്‍ വീട്ടുകാര്‍ അന്വേഷിച്ചുവെങ്കിലും സ്വര്‍ണ്ണാഭരണങ്ങള്‍ ഹാജി ബാങ്കുകളിലൊന്നും പണയപ്പെടുത്തിയതായി വിവരമില്ല.

ഇതോടെയാണ് ജിന്നുമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ദുര്‍മന്ത്രവാദിനി അവരുടെ ഭര്‍ത്താവ് സംശയമുള്ള രണ്ട് പേരുകള്‍ സൂചിപ്പിച്ച് എം.സി. ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മിലാണ് പൊലീസില്‍ പരാതി നല്‍കിയത്. പൂച്ചക്കാട് പ്രദേശത്ത് 80 ശതമാനം വീടുകളിലും താന്‍ സന്ദര്‍ശിക്കാറുണ്ടെന്ന ജിന്നുമ്മയുടെ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ എല്ലാ കണ്ണുകളും കാതുകളും മുപ്പത്തിരണ്ടുകാരിയായ ജിന്നമ്മയിലായിന്നു.