തിരുവനന്തപുരം: വെള്ളായണി ജംഗ്ഷന്‍ പറക്കോട് കുളത്തില്‍ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വ്യക്തമാക്കി.

നേമം പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 842/24 നമ്പര്‍ കേസിന്റെ സി.ഡി ഫയല്‍ ജില്ലാ പോലീസ് മേധാവി വിളിച്ചു വരുത്തിയശേഷം അന്വേഷണം കൈമാറാനാണ് ഉത്തരവ്. ഇറിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഉദാസീനത, അപകട സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തത്, കുളത്തിനുള്ളിലെ തുറന്ന ചെറുകുളം തുടങ്ങിയ കാര്യങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന പരാതിക്കാരന്റെ ആരോപണം സംബന്ധിച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കിയ ശേഷം വസ്തുനിഷ്ഠവും സത്യസന്ധമായും അന്വേഷണം നടത്തി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

കുട്ടികളുടെ മരണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയുണ്ടോ എന്നും പരിശോധിക്കണം. മുങ്ങി മരിച്ച കുട്ടികളുടെ പൂര്‍ണവിലാസവും റിപ്പോര്‍ട്ടിലുണ്ടാവണം. ക്രൈംബ്രാഞ്ച് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി 2 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.

പറക്കോട് കുളത്തിന്റെ നവീകരണം നടക്കുന്നതിനിടയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. കുളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മൂടിയില്ലാത്ത ചെറുകുളത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പരാതിക്കാരന്‍ അറിയിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

പറക്കോട് കുളത്തിന്റെ നവീകരണം നടക്കുന്നതിനിടയില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികളാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ മെയ് 30നാണ് സംഭവം. നേമം നല്ലാണിക്കല്‍ കടവീട്ടില്‍ നജീ-മെഹര്‍ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിലാല്‍ (15), നല്ലാണിക്കല്‍ ഷഫീഖ് മന്‍സിലില്‍ ഷഫീഖ് - റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഇഹ്‌സാന്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളാണ്.

കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തിയെങ്കിലും കുളത്തിനുള്ളിലെ കിണറിന്റെ ആഴവും ചെളിയുടെ അളവിനെ കുറിച്ച് അറിവില്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. ഫയര്‍ഫോഴ്‌സ് സ്‌കൂബാ ടീം എത്തിയാണ് രണ്ട് പേരെയും പുറത്തെടുത്തത്. കുളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന മൂടിയില്ലാത്ത ചെറുകുളത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പരാതിക്കാരന്‍ ആരോപിച്ചു.