തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ ഉടന്‍ ചോദ്യം ചെയ്യും. അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് തിരൂര്‍ സതീഷ് പറഞ്ഞു. താന്‍ സത്യം വെളിപ്പെടുത്തുമെന്ന് സതീഷ് പറഞ്ഞു. നേരത്തെ നല്‍കിയ മൊഴികള്‍ നേതാക്കള്‍ പറഞ്ഞു പറയിപ്പിച്ചതാണെന്നും സതീഷ് പറഞ്ഞു.

സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് തിരൂര്‍ സതീഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആറ് ചാക്കുകളിലായാണ് പണം ഓഫീസിലെത്തിച്ചത്. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തതെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു.

പണം വരുന്നതിന് രണ്ടാഴ്ച മുമ്പ് മുഖ്യപ്രതി ധര്‍മരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെയും ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെയും സന്ദര്‍ശിച്ചിരുന്നുവെന്ന് സതീഷ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് മെറ്റീരിയലാണെന്ന് പറഞ്ഞാണ് ചാക്ക് കെട്ടുകള്‍ കൈപ്പറ്റാന്‍ നേതാക്കള്‍ അറിയിച്ചതെന്നും പിന്നീടാണ് പണമാണ് ചാക്കിലുണ്ടായിരുന്നതെന്ന് മനസിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ മൊഴി മാറ്റി നല്‍കിയതെന്നും ഇനി യാഥാര്‍ത്ഥ്യം തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സതീഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കൊടകര കള്ളപ്പണക്കേസ് പുനരന്വേഷണം ആവശ്യപ്പെട്ട് സിപിഐഎം രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. വെളിപ്പെടുത്തല്‍ ഗൌരവതരമെന്നാണ് സിപിഐഎം സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. പുനരന്വേഷണം വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആവശ്യപ്പെട്ടു.

മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ഗൗരവകരമാണ്. കേസില്‍ നിയമപരമായ സാധ്യതകള്‍ ആരായണമെന്നും സെക്രട്ടേറിയറ്റില്‍ നിര്‍ദേശം ഉയര്‍ന്നു. സമഗ്രമായ പുനരന്വേഷണത്തിലൂടെ മാത്രമേ കേസില്‍ ബിജെപിയുടേയും ആര്‍എസ്എസിന്റെയും കൃത്യമായ പങ്ക് വെളിപ്പെടുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

കൊടകര കേസ് എന്നത് കള്ളപ്പണമോ കുഴല്‍പ്പണമോ കൊണ്ടുപോകുമ്പോള്‍ ആക്രമിച്ച് പിടിച്ചുപറിച്ചതുമായി ബന്ധപ്പെട്ടുള്ള കേസാണ്. ഇപ്പോള്‍ തിരൂര്‍ സതീശന്‍ എന്ന ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി പറഞ്ഞത്, അന്ന് കേസിന്റെ ഭാഗമായി നേതാക്കന്മാര്‍ പറഞ്ഞതാണ് മൊഴി കൊടുത്തത് എന്നാണ്. അപ്പോള്‍ കൊടുത്ത മൊഴി തെറ്റാണെന്ന് വ്യക്തമാണല്ലോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റും ഉള്ളപ്പോള്‍ ഇലക്ഷന്‍ മെറ്റീരിയല്‍സ് കൊണ്ടുവരുന്നതിന് തീരുമാനിക്കപ്പെട്ട ഒരാളെ പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ രണ്ടുപേരും അയാളെ ഓഫീസ് സെക്രട്ടറിക്ക് പരിചയപ്പെടുത്തി. അവര്‍ സാമഗ്രികളുമായി വരുമ്പോള്‍ വേണ്ട സഹായം കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ രാത്രി വരാന്‍ സാധ്യതയുണ്ടെന്നും ഓഫീസ് അടക്കരുതെന്നും പറഞ്ഞു.

ആറു ചാക്കുകളിലായിട്ടാണ് പണം കൊണ്ടുവന്നത്. അത് മുകളില്‍ വെച്ചു തുറന്നപ്പോഴാണ് പണമാണെന്ന് കാണുന്നത്. ബിജെപിയുടെ ഓഫീസില്‍ കോടിനുകോടി രൂപയുടെ പണം കൊണ്ടുവന്നു. ആറുകോടിയിലേറെയാണ് കൊണ്ടുവന്നത്. ഇതില്‍ മൂന്നു കോടിയിലേറെയാണ് പോയത്. ബാക്കി വന്ന പണം ആരൊക്കെയാണ്, എങ്ങനെയൊക്കെയാണ് ഉപയോഗിച്ചത് എന്ന് അറിയേണ്ടതുണ്ട്. കൊടകര കേസിന്റെ ഭാഗം മാത്രമല്ല, ഈ കേസ് ആകെ പുനരന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

41 കോടിയിലേറെ രൂപ വിതരണം ചെയ്തതായാണ് പറയപ്പെടുന്നത്. ഓരോ നിയോജകണ്ഡലത്തിലും നിരവധി കോടി രൂപ വിതരണം ചെയ്തതായിട്ടാണ് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും ഇതേപോലെ പണം കൊടുത്തിട്ടുണ്ടാകും എന്നാണ് സിപിഎമ്മിന്റെ നിഗമനം. കുഴല്‍പ്പണ കേസിന്റെ സോഴ്സ് ബംഗലൂരുവായതിനാല്‍, ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഇഡിക്കും ആദായ നികുതി വകുപ്പിനും സര്‍ക്കാര്‍ നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ഒരു കാര്യവും പറയാതെ, ഇഡിയെയും ഐടിയേയും വെള്ളപൂശുന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

കേസില്‍ സിബിഐ അന്വേഷിക്കട്ടെ എന്നു ബിജെപി നേതാക്കള്‍ പറഞ്ഞതു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ബിജെപിക്കാര്‍ക്ക് താല്‍പ്പര്യം അവര്‍ക്ക് ഇഷ്ടപ്പെട്ടയാളുകളെ ഉപയോഗിച്ച് കേസ് തന്നെ തേച്ചുമാച്ചു കളയാനാണ്. ഹൈക്കോടതിയില്‍ വന്നപ്പോള്‍ തന്നെ അതത്ര ഗൗരവമുള്ള കേസല്ലെന്നാണ് പറഞ്ഞത്. ഇഡി അന്വേഷിക്കാനാണ് കേരള പൊലീസ് റിപ്പോര്‍ട്ട് കൊടുത്തത്. അന്വേഷിക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ആര് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കെ രാധാകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് തന്നെ രാധാകൃഷ്ണന്‍ ആണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ഇപ്പോഴത്തെ നിലയില്‍ കേസിലെ തുടരന്വേഷണത്തിന്റെ ഭാഗായി അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഹരജി ഫയല്‍ ചെയ്യും. പുതിയ വെളിപ്പെടുത്തലുകള്‍ കോടതിയില്‍ വിശദീകരിക്കും. കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും. നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചതിനാലാണ് തുടരന്വേഷണത്തിന്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്.