- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തിന് പിന്നാലെ അമിത രക്ത്സ്രാവം; യൂട്രസ് നീക്കം ചെയ്തതോടെ ഗുരുതരാവസ്ഥയിലായി: പറവൂരിലെ ഡോണ്‍ ബോസ്കോ ആശുപത്രിയിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് ചികിത്സാ പിഴവു മൂലമെന്ന് ആരോപണം
പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍. പ്രസവ സമയത്തുണ്ടായ ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ പട്ടണം പള്ളിയില്‍ കാവ്യമോളാണ് (30) മരിച്ചത്. ഡോണ്‍ ബോസ്കോ ആശുപത്രിയിലെ പ്രസവത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ കാവ്യ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഡിസംബര്‍ 24ന് ആയിരുന്നു പറവൂര്‍ ഡോണ്‍ബോസ്കോ ആശുപത്രിയില്‍ യുവതിയുടെ രണ്ടാമത്തെ പ്രസവം നടന്നത്. പകല്‍ 12:50 ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെയാണ് ആരോഗ്യ നില വഷളായത്. പ്രസവ ശേഷം അമിത രക്തസ്രാവം ഉണ്ടെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് കാവ്യയുടെ യൂട്രസ് നീക്കം ചെയ്തു. ഇതോടെയാണ് യുവതിയുടെ നില ഗുരുതമായതെന്ന് ബന്ധുക്കള്‍ പറയുന്നു. കാവ്യയുടെ നില മോശമായതോടെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തയ്യാറായെങ്കിലും ആശുപത്രി അധികൃതര്‍ അതിനു വിസമ്മതിച്ചു.
ഐസിയുവില്‍ തുടരുന്നതിനിടെ വൈകുന്നേരം നാല് മണിയോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സ് ആശുപത്രി അധികൃതര്‍ തന്നെ ഏര്‍പ്പാടാക്കി 9.30ന് അവിടെയെത്തിച്ചു.
അപ്പോഴേയ്ക്കും കാവ്യയുടെ നില വളരെ മോശമായി. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതോടെ ഗുരുതരാവസ്ഥയിലാകുകയും ബുധനാഴ്ച വൈകുന്നേരം 5.45ന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്തു. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം സംസ്കാരം നടത്തി. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതേ ആശുപത്രിയുടെ ചികിത്സാ പിഴവില്‍ നിരവധി ആളുകള്‍ക്ക് ജീവന് നഷ്ടമായത് ഉള്‍പ്പടെയുള്ള അനുഭവങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍, ചികിത്സാ പിഴവ് ഉണ്ടായെന്ന ആരോപണം ആശുപത്രി നിഷേധിക്കുകയാണ്.




