ലക്‌നൗ: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും അറസ്റ്റില്‍. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും കൊല്ലപ്പെട്ടയാളിന്റെ പിതാവിന് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹയിലാണ് സംഭവം.

അംറോഹയിലെ പിപ്ലൗട്ടി കല ഗ്രാമവാസിയായ മെഹ്രാജ് എന്ന കൂലിവേലക്കാരനാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം യുവതി കുട്ടികളോടൊപ്പം രാത്രി മുഴുവന്‍ മൃതദേഹത്തിനരികില്‍ കഴിച്ചുകൂട്ടി. പിറ്റേന്ന് കൊലപാതക വിവരമറിഞ്ഞ് പോലിസ് എത്തിയപ്പോള്‍ മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

മെഹ്രാജിന്റെ ഭാര്യ റൂഹിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. റൂഹി അവരുടെ സഹോദരീഭര്‍ത്താവിന്റെ ബന്ധു ഫര്‍മാനുമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം മെഹ്രാജ് അറിഞ്ഞതോടെ വീട്ടില്‍ വഴക്കായി. മക്കളെയും ഉപേക്ഷിച്ച് പോകാനുള്ള തീരുമാനത്തെ മെഹ്രാജ് ശക്തമായി എതിര്‍ത്തു. ഇതോടെ ഭര്‍ത്താവിനെ കൊലപ്പെടുക്കാന്‍ റൂഹി പദ്ധതി മെനയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മെഹ്രാജിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ റൂഹി, തുടര്‍ന്ന് ഫര്‍മാനെയും അയാളുടെ സുഹൃത്തായ അദ്നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി. മൂവരും ചേര്‍ന്നാണ് കൊലനടത്തിയത്.

ഇരുവരും മെഹ്രാജിന്റെ കാലുകള്‍ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം മൂര്‍ച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ ക്രൂരകൃത്യത്തിന് ശേഷം, റൂഹി ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ തന്റെ രണ്ട് കുട്ടികളോടൊപ്പം രാത്രി മുഴുവന്‍ കഴിച്ചുകൂട്ടി. പിറ്റേന്നു രാവിലെ മെഹ്രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോള്‍, വരാന്തയിലെ കട്ടിലില്‍ മകന്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഇദ്ദേഹം പോലിസില്‍ വിവരം അറിയിച്ചു..

പോലിസെത്തിയപ്പോള്‍ വീട്ടില്‍ മോഷണശ്രമം നടന്നെന്നും ആക്രമണം നേരിട്ടെന്നും ഇതിനിടെ ഭര്‍ത്താവ് കൊല്ലപ്പെട്ടെന്നും റൂഹി പറഞ്ഞെങ്കിലും സംശയം തോന്നിയ മെഹ്രാജിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പ്രതികളെ അറസ്റ്റ് ചെയ്ത പോലിസ് കൊലപാതകത്തിന് ഉപയോഗിച്ച രണ്ട് കത്തികളും കണ്ടെടുത്തു.