താനൂര്‍: താനൂരില്‍ നിന്ന് കാണാതായി തിരച്ചിലിനൊടുവില്‍ മുംബൈയില്‍നിന്ന് കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനികളുമായി പൊലീസ് നാട്ടിലേക്ക് തിരിച്ചു. പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയിലെത്തിയ ശേഷം റഹീം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ കുട്ടികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. സിഡബ്ല്യുസിയും മൊഴി രേഖപ്പെടുത്തും. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാടുവിടാന്‍ സഹായിച്ച റഹിം അസ്ലമിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. മുംബൈയില്‍ നിന്ന് മടങ്ങിയ റഹിം അസ്ലത്തെ തിരൂരില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് മുംബൈ--ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ മുംബൈക്കും പുണെയ്ക്കും ഇടയിലുള്ള ലോണാവാലാ സ്റ്റേഷനില്‍വച്ച് ആര്‍പിഎഫാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. ആര്‍പിഎഫ് ഇവരെ പുണെയിലെ സിഡബ്ല്യുസിയില്‍ ഏല്‍പ്പിച്ചു. താനൂര്‍ സ്റ്റേഷനിലെ എസ്‌ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പുണെയിലെ സിഡബ്ല്യുസിയില്‍നിന്ന് കുട്ടികളെ ഏറ്റുവാങ്ങി. നാട്ടിലെത്തിക്കുന്ന വിദ്യാര്‍ഥികളെ കോടതിയില്‍ ഹാജരാക്കി കെയര്‍ ഹോമിലേക്ക് മാറ്റും. ഇവര്‍ക്ക് കൗണ്‍സലിങ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.

താനൂര്‍ സേ്കൂളിലെ വിദ്യാര്‍ഥിനികളായ ഇവര്‍ ബുധന്‍ രാവിലെ പരീക്ഷയ്‌ക്കെന്നുപറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വേഷം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രണ്ടോടെ കോഴിക്കോട് എത്തി. പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി. മൊബൈല്‍ സ്വിച്ച് ഓഫാകുന്നതിനുമുമ്പ് ഇരുവരുടെയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

റഹീം അസ്ലമിന്റെ പേരിലുള്ള സിം കാര്‍ഡില്‍നിന്നായിരുന്നു കോളുകള്‍. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതോടെ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണിലെത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹെയര്‍ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്.

വിദ്യാര്‍ത്ഥിനികളെ വളരെ പെട്ടെന്ന് കണ്ടെത്തിയ കേരള പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തു വന്നിട്ടുണ്ട്. വിവരങ്ങള്‍ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്‌കൂള്‍ അധികൃതരും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. കുട്ടികള്‍ക്ക് ആവശ്യമുള്ള കൗണ്‍സിലിംഗ് അടക്കമുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്നും ഇതിനാവശ്യമായി നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.