തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെയുള്ള പീഡനപരാതിയില്‍ കേസെടുത്ത് പൊലീസ്. ഡോക്ടര്‍ സുനില്‍ കുമാറിനെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. ചികിത്സയ്‌ക്കെത്തിയ സ്ത്രീയാണ് പരാതി നല്‍കിയത്.

2023-ല്‍ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മുന്‍ സൂപ്രണ്ടും മെഡിക്കല്‍ കോളേജ് ന്യൂറോ വിഭാഗം മേധാവിയുമായ സുനില്‍കുമാറിനെതിരെയാണ് പരാതി. വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.

നിലവില്‍ ലീവിലുള്ള ഡോ. സുനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, ഇക്കാര്യം പറഞ്ഞ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനില്‍കുമാറിന്റെ കൈയില്‍നിന്നും യുവതി പലപ്പോഴായി ലക്ഷങ്ങള്‍ കൈപ്പറ്റിയതായി ഇയാള്‍ ആരോപിക്കുന്നു.

നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡോ. സുനില്‍കുമാര്‍ പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. ന്യൂറോ വിഭാഗത്തിലെ ഡോക്ടറായ തനിക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് കാട്ടിയാണ് അന്ന് സൂപ്രണ്ട് കത്ത് നല്‍കിയത്. ഇതിന് പിന്നാലെ അദ്ദേഹം അവധിയില്‍ പോകുകയും ചെയ്തിരുന്നു.