മാനന്തവാടി: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.15 കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സി വയനാട് മാനന്തവാടിയില്‍ വെച്ച് കസ്റ്റംസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണറേറ്റ് വിഭാഗമാണ് വയനാട് പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും സഹായത്തോടെ ഈ വന്‍ കള്ളപ്പണ വേട്ട നടത്തിയത്.


വാഹനമോടിച്ച റസാഖ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയിലായി. ഇവരെല്ലാം വടകര സ്വദേശികളാണ്. കള്ളപ്പണക്കടത്തിന് പിന്നില്‍ വടകര സ്വദേശിയായ സല്‍മാന്‍ കണ്ടത്തില്‍ ആണെന്നും ഇയാളുടെ നിര്‍ദ്ദേശപ്രകാരമാണ് കാരിയര്‍ വാഹനം എത്തിയതെന്നും കസ്റ്റംസ് വ്യക്തമാക്കി.

കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ ശശികാന്ത് ശര്‍മ്മ, ഡെപ്യൂട്ടി കമ്മീഷണര്‍ ശ്യാം നാഥ് എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്‍. ബംഗളൂരുവിലേക്ക് സ്ഥിരമായി വാഹനങ്ങള്‍ അയച്ച് കള്ളക്കടത്ത് നടത്തുന്ന സംഘത്തെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് മാസങ്ങളായി നിരീക്ഷണം നടത്തിവന്നത്. ഈ വാഹനങ്ങളുടെ നീക്കം മാസങ്ങളായി കസ്റ്റംസ് ഓഫീസര്‍മാര്‍ നിരീക്ഷിച്ചുവരികയായിരുന്നു. വയനാട് എസ്.പി. തപോശ് ബി. കൃത്യ സമയത്ത് നല്‍കിയ സഹായം നിര്‍ണായകമായി.

കാറിനുള്ളില്‍ രഹസ്യ അറ

പരിശോധനയില്‍, കള്ളപ്പണം കടത്തിയ ഹ്യൂണ്ടായ് ക്രെറ്റ (Hyundai Creta) കാറില്‍ രഹസ്യമായി അറകള്‍ ഉണ്ടാക്കിയതായി കണ്ടെത്തി. സീറ്റുകള്‍ക്ക് താഴെ റബ്ബര്‍ ഫ്‌ലോറിംഗിനടിയില്‍ സ്റ്റീല്‍ ബോക്‌സുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയിലായിരുന്നു. ഈ രഹസ്യ അറകള്‍ അഴിച്ചുമാറ്റിയപ്പോള്‍, 630 കെട്ടുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തുകയായിരുന്നു.

പിടികൂടിയ കറന്‍സി തുടര്‍ നടപടികള്‍ക്കായി ആദായനികുതി വകുപ്പിന് (Income Tax Department) കൈമാറും. സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂരിനും വടകരയ്ക്കും സമീപമുള്ള അഞ്ച് കേന്ദ്രങ്ങളില്‍ കസ്റ്റംസ് തുടര്‍ പരിശോധനകള്‍ നടത്തി. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.