കണ്ണൂര്‍: പൊലിസിനെ നോക്കു കുത്തിയാക്കി കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരും ജംഗിള്‍രാജ് തുടരുകയാണ്. പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ലുടെ വീടുകള്‍ക്കും സ്വത്ത് വഹകള്‍ക്കുമെതിരെ നടന്നത് വ്യാപക ആക്രമണങ്ങളാണ്. ഈ ആക്രമണങ്ങളില്‍ പോലീസ് മെല്ലേപ്പോക്കിലാണെന്ന ആക്ഷേപവും ശക്തമായിരുന്നു. ഇപ്പോഴിതാ കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാര്‍ കത്തിച്ച കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ടി. പുരുഷോത്തമന്റെ കാര്‍ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്ത അക്രമികള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഐഎം പ്രവര്‍ത്തകരാണെന്നായിരുന്നു പുരുഷോത്തമന്‍ ആരോപിച്ചിരുന്നത്.

ഇതിനിടെ പയ്യന്നൂരില്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ താലൂക്ക് ഓഫീസില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നിട്ടുണ്ട്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണന്‍, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സത്യപാലന്‍ എന്നിവര്‍ക്കു പുറമെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. പ്രദേശത്തെ അശാന്തിക്ക് അറുതി വരുത്താനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയുണ്ടാക്കാനുമാണ് ഭരണകൂടത്തിന്റെ നീക്കം.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്. സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ക്കുകയും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പേരൂരില്‍ കുഞ്ഞികൃഷ്ണന്റെ അനുയായി എം.കെ. നാരായണന്റെ കാര്‍ കത്തിക്കാന്‍ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതില്‍ക്കെട്ടും തകര്‍ക്കപ്പെടുകയും ചെയ്തു. ഇത്തരം അനിഷ്ടകരമായ സംഭവങ്ങള്‍ പയ്യന്നൂരിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

നിലവിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും യോഗത്തില്‍ സന്നിഹിതരാണ്. സമാധാന പ്രക്രിയയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും പൂര്‍ണ പിന്തുണ തേടുകയാണ് എ.ഡി.എം. അക്രമങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നും സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.