ന്യൂഡല്‍ഹി: യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മെഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കിയെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. രാജ്യസഭയില്‍ പ്രശ്‌നം ഉന്നയിച്ച ജോണ്‍ ബ്രിട്ടാസ് എംപിക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, കീര്‍ത്തിവര്‍ധന്‍ സിംഗ് നല്‍കിയ മറുപടിയില്‍, നിമിഷപ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയമാണെന്ന് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്.

തലാല്‍ മെഹ്ദിയുടെ കുടുംബത്തിന് ദിയാധനമായ 40,000 ഡോളര്‍ നല്‍കിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് പറഞ്ഞത് തെറ്റാണെന്ന് നിമിഷപ്രിയ സേവ് ആക്ഷന്‍ കൗണ്‍സില്‍ അംഗം അഡ്വക്കറ്റ് സുഭാഷ് ചന്ദ്രന്‍ വ്യക്തമാക്കി. കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അക്കൗണ്ടിലൂടെ നല്‍കിയ പണം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും സുഭാഷ് ചന്ദ്രന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി എല്ലാ ശ്രമങ്ങളും നടത്തിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചശേഷമാണ് നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാനുള്ള സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാന്‍ പറ്റൂ. ഇനിയും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി. ചര്‍ച്ചയ്ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയ ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി. ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ടു കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇറാന്‍ വിഷയത്തില്‍ ഇടപെടുന്നുണ്ടോ എന്ന ചോദ്യത്തിന് വിദേശകാര്യസഹമന്ത്രി മറുപടി നല്‍കിയില്ല. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അനാവശ്യ ചര്‍ച്ചകള്‍ നിമിഷപ്രിയയുടെ മോചനത്തെ ബാധിക്കുമെന്നും വിദേശകാര്യസഹമന്ത്രി പറഞ്ഞു. അതേസമയം, കേന്ദ്രം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. നിമിഷ പ്രിയയുടെ മോചനം കൊല്ലപ്പെട്ട ആളിന്റെ കുടുംബവും നിമിഷപ്രിയയുടെ കുടുംബവും തമ്മിലുള്ള വിഷയം എന്നാണ് നല്‍കിയ മറുപടി. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ കയ്യൊഴിഞ്ഞിരിക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ബ്ലഡ് മണി എവിടെ?

നിമിഷപ്രിയയെ രക്ഷിക്കാനായി ജനങ്ങളില്‍ നിന്നും 40000 ഡോളര്‍ പിരിച്ചിരുന്നു. ഇത് എംബസിക്ക് നല്‍കി എന്നാണ് 'നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍' പറയുന്നത്. എന്നാല്‍ എംബസിയില്‍ ആര്‍ക്ക് പണം നല്‍കി, അത് എന്ത് ഉറപ്പിന്മേലാണ് നല്‍കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. നിമിഷപ്രിയ കൊലപ്പെടുത്തിയ തലാലിന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കിയാല്‍ നിമിഷപ്രിയയെ മോചിപ്പിക്കാനാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിശദീകരണം. എന്നാല്‍ പണം പിരിച്ചിട്ടും ആ പണം കൈമാറിയിട്ടും നിമിഷപ്രിയയുടെ കാര്യത്തില്‍ തീരുമാനമായില്ല. തലാലിന്റെ കുടുംബത്തിന് ഈ 40000 ഡോളര്‍ കൈമാറിയിട്ടുണ്ടോ എന്ന സംശയവും ഒരു വിഭാഗം പ്രകടിപ്പിക്കുന്നു. ആദ്യം 20000 ഡോളര്‍ നല്‍കിയതിന്റെ കണക്കുകള്‍ ലഭിക്കും മുന്‍പ് കമ്മിറ്റി വീണ്ടും ഒരു 20000 ഡോളര്‍ കൂടി നല്‍കുകയായിരുന്നു.

നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് നേരത്തെ യെമന്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ഡല്‍ഹിയിലെ യെമന്‍ എംബസി പറഞ്ഞിരുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നാണ് യെമന്‍ എംബസി വ്യക്തമാക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമന്‍ വ്യക്തമാക്കി. നേരത്തെ, യെമന്‍ പ്രസിഡന്റ് റാഷദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്നും ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഹൂതികള്‍ക്ക് മറ്റ് വിദേശരാജ്യങ്ങളുമായി നയതന്ത്രബന്ധം ഇല്ല. അല്‍പമെങ്കിലും ഹൂതികളുമായി സൗഹൃദം സൂക്ഷിക്കുന്ന ഇറാനെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കൂട്ടുപിടിച്ചിരിക്കുന്നത്. പക്ഷെ ഇറാന് എത്രത്തോളം ഹൂതികളുമായി ഈ കേസില്‍ മഞ്ഞുരുക്കാന്‍ കഴിയും എന്ന് സംശയമുണ്ട്. ഗോത്ര വര്‍ഗ്ഗ നേതാക്കളാണ് യെമനില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അനുനയ ചര്‍ച്ചകള്‍ വിജയിക്കാന്‍ ഇനിയും പണം വേണ്ടി വരുമോയെന്നും വ്യക്തമല്ല.

2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.