ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസിഐ) നടത്തിവരുന്ന തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് (Summary Revision of Electoral Rolls - SIR) ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് സുപ്രീം കോടതിയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു. ആധാര്‍ കാര്‍ഡുള്ള ഒരു വിദേശിയെ വോട്ട് ചെയ്യാന്‍ അനുവദിക്കണോ എന്ന സുപ്രധാന ചോദ്യമാണ് കോടതി ഉന്നയിച്ചത്.

ബിഹാറിലെ എസ്‌ഐആര്‍ പ്രക്രിയയില്‍ ആധാര്‍ കാര്‍ഡ് പന്ത്രണ്ടാമത്തെ രേഖയായി ചേര്‍ക്കാമെന്ന് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, ഈ വിഷയത്തില്‍ ബുധനാഴ്ച വീണ്ടും ചര്‍ച്ച നടന്നു. എസ്‌ഐആറിന് എതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കവേയാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍

എസ്‌ഐആര്‍ നടപടിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോളാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോടാണ് ചീഫ് ജസ്റ്റിസ് ആശങ്ക പങ്കുവെച്ചത്.

'ആധാര്‍ ഒരു നിയമത്തിന്റെ സൃഷ്ടിയാണ്. ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതില്‍ ആര്‍ക്കും തര്‍ക്കിക്കാന്‍ കഴിയില്ല. എന്നാല്‍, ആധാര്‍ ഉള്ളതുകൊണ്ട് മാത്രം ഒരാളെ വോട്ടറാക്കണമെന്നാണോ അര്‍ഥമാക്കുന്നത്? ആധാര്‍ വോട്ടവകാശത്തിലേക്കുള്ള ഒരു എളുപ്പമാര്‍ഗ്ഗമാകുമോ?'- ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ഇത്തരം ആശങ്കകള്‍ അതിര്‍ത്തി സംസ്ഥാനങ്ങള്‍ക്ക് ബാധകമായേക്കാമെന്നും, കേരളം, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് ഏകീകൃതമായി നടപ്പാക്കാന്‍ കഴിയില്ലെന്നും സിബല്‍ വാദിച്ചു. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി ചൂണ്ടിക്കാട്ടി, പ്രത്യേകിച്ചും വിവരങ്ങള്‍ സംശയാസ്പദമായി തോന്നുമ്പോള്‍.

എന്യൂമറേഷന്‍ ഫോമുകള്‍ ഈ പരിശോധനാ പ്രക്രിയയുടെ ഭാഗമാണെന്നും കമ്മീഷന് നിഷ്‌ക്രിയമായ ഒരു പോസ്റ്റ് ഓഫീസ് പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 21, വോട്ടര്‍മാര്‍ പൗരന്മാരായിരിക്കണമെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ 326-ാം അനുച്ഛേദം എന്നിവയില്‍ നിന്നാണ് രേഖകള്‍ പരിശോധിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം വരുന്നതെന്നും ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി.

'ദശലക്ഷക്കണക്കിന് പേര്‍ പുറത്താകാന്‍ സാധ്യത'

എസ്‌ഐആര്‍ പ്രക്രിയ ആളുകളെ പുറത്താക്കുന്നതാണെന്ന് കപില്‍ സിബല്‍ വാദിച്ചു. എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതുകൊണ്ട് മാത്രം ദശലക്ഷക്കണക്കിന് നിരക്ഷരരായ സ്ത്രീകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരാള്‍ പൗരനാണോ എന്ന് ഫലപ്രദമായി തീരുമാനിക്കാന്‍ എസ്‌ഐആര്‍ വിജ്ഞാപനപ്രകാരം അനുവദിക്കപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) നല്‍കിയിട്ടുള്ള അധികാരങ്ങളെയും അദ്ദേഹം ചോദ്യംചെയ്തു. രണ്ട് മാസത്തിനുള്ളില്‍ എസ്‌ഐആര്‍ പൂര്‍ത്തിയാക്കുന്നതിന് ന്യായീകരണമില്ലെന്നും, ഇത് യുക്തിരഹിതവും തിടുക്കത്തിലുള്ളതുമായ ഒരു പ്രക്രിയയാണെന്നും സിബല്‍ പറഞ്ഞു.

എന്നാല്‍, സമയപരിധിയെക്കുറിച്ചുള്ള സംശയങ്ങളുടെ പേരില്‍ മാത്രം കോടതിക്ക് ഈ പ്രക്രിയ തടയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ബിഹാറിലെ എസ്‌ഐആര്‍ നടപടിയില്‍ വ്യാപകമായ പുറന്തള്ളല്‍ ഭയം യാഥാര്‍ഥ്യമായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ലക്ഷത്തില്‍പ്പരം പേരുകള്‍ മാത്രമാണ് നീക്കം ചെയ്യപ്പെട്ടതെന്നും, വളരെ കുറച്ച് എതിര്‍പ്പുകള്‍ മാത്രമാണ് ഉയര്‍ന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

നഗരവാസികളേക്കാള്‍ ഗ്രാമപ്രദേശങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗരൂകരാണെന്നും, വോട്ടെടുപ്പ് ദിവസം ഗ്രാമങ്ങളില്‍ ഒരു ആഘോഷമാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാല്‍, പ്രശ്‌നം നടപടിക്രമങ്ങളിലാണെന്ന് സിബല്‍ തിരുത്തി. 'ബിഎല്‍ഒമാര്‍ മരിച്ചതായി പ്രഖ്യാപിച്ച വോട്ടര്‍മാരെ ഞങ്ങള്‍ ഇവിടെ കോടതിയില്‍ കൊണ്ടുവന്നിരുന്നു,' അദ്ദേഹം പറഞ്ഞു.

കേസില്‍ വാദം തുടരുകയാണ്.

സംസ്ഥാനങ്ങളിലെ ഹര്‍ജികള്‍ പരിഗണിക്കുന്ന തീയതികള്‍

തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ എസ്‌ഐആര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള സമയക്രമവും കോടതി നിശ്ചയിച്ചു:

തമിഴ്നാട്: ഡിസംബര്‍ 1-നകം ഇസിഐ മറുപടി നല്‍കണം. ഡിസംബര്‍ 4-നാണ് വാദം കേള്‍ക്കുക.

കേരളം: ഡിസംബര്‍ 1-നകം ഇസിഐ മറുപടി നല്‍കണം. ഡിസംബര്‍ 2-ന് ഹര്‍ജി പരിഗണിക്കും.

പശ്ചിമ ബംഗാള്‍: ഏതാനും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഡിസംബര്‍ 9-ന് പരിഗണിക്കും. ഇസിഐ ഈ വാരാന്ത്യത്തിലും സംസ്ഥാന സര്‍ക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ഡിസംബര്‍ 1-നും മറുപടി സമര്‍പ്പിക്കാനാണ് സാധ്യത.