ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവാവധി ഏര്‍പ്പെടുത്തുന്നത് അവരുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് സുപ്രീംകോടതി. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിര്‍ബന്ധിത ആര്‍ത്തവാവധി വേണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഈ വിഷയത്തില്‍ സമഗ്രമായ സര്‍ക്കാര്‍ നയം രൂപീകരിക്കണമെന്ന് നിര്‍ദേശിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി. 'ഇത്തരമൊരു നിയമം നിര്‍മ്മിച്ചാല്‍ തൊഴിലുടമകള്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ മടിച്ചേക്കും,' ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവാവധി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരമൊരു നിയമം ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഒരുതരം മനഃശാസ്ത്രപരമായ ഭയമോ അല്ലെങ്കില്‍ തങ്ങള്‍ പുരുഷന്മാരേക്കാള്‍ 'താഴ്ന്നവരാണെന്ന' തെറ്റായ ധാരണയോ സൃഷ്ടിക്കുമെന്ന് ചീഫ് ജസ്റ്റിസ് വാദിച്ചു.

'ബോധവല്‍ക്കരണവും അവബോധം സൃഷ്ടിക്കുന്നതും വേറെ കാര്യമാണ്... എന്നാല്‍ നിങ്ങള്‍ ആര്‍ത്തവാവധി നിര്‍ബന്ധമാക്കിക്കൊണ്ട് ഒരു നിയമം കൊണ്ടുവരുന്ന നിമിഷം മുതല്‍ ആരും സ്ത്രീകളെ ജോലിക്ക് എടുക്കാതാകും,' ഹര്‍ജിക്കാരന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. 'തൊഴിലുടമകളുടെ മനോഭാവം നിങ്ങള്‍ക്ക് അറിയില്ല. ഇത്തരമൊരു നിയമം വന്നാല്‍ അവര്‍ സ്ത്രീകളെ ജോലിക്കെടുക്കില്ല.'

ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചിയും സമാനമായ നിരീക്ഷണം നടത്തി. 'സ്ത്രീകള്‍ക്ക് അനുകൂലമായ നടപടികളെ ഭരണഘടന അംഗീകരിക്കുന്നുണ്ട്. എന്നാല്‍ തൊഴില്‍ വിപണിയിലെ പ്രായോഗിക യാഥാര്‍ത്ഥ്യം കൂടി നോക്കൂ. മാനവശേഷി എത്രത്തോളം ആകര്‍ഷകമല്ലാതാകുന്നുവോ അത്രത്തോളം വിപണിയില്‍ അത് സ്വീകാര്യത കുറയാന്‍ സാധ്യതയുണ്ട്. ഒരു ബിസിനസ് മോഡലില്‍ നിന്ന് നോക്കിയാല്‍, മറ്റ് ലിംഗവിഭാഗങ്ങളുടെ അവകാശവാദങ്ങള്‍ നിലനില്‍ക്കെ ഏതെങ്കിലും തൊഴിലുടമ ഇതില്‍ സന്തുഷ്ടനാകുമോ?' അദ്ദേഹം ചോദിച്ചു.

വിദ്യാര്‍ത്ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവസമയത്ത് അവധി നല്‍കണം എന്നതായിരുന്നു ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം. എന്നാല്‍ ഇത്തരം അപേക്ഷകള്‍ ഭയം സൃഷ്ടിക്കാനാണ് സഹായിക്കുകയെന്ന് ചീഫ് ജസ്റ്റിസ് പ്രസ്താവിച്ചു. 'അവര്‍ സ്ത്രീകളെ താഴ്ന്നവരായി കാണാന്‍ തുടങ്ങും, ആര്‍ത്തവം എന്തോ മോശമായ കാര്യമാണെന്ന ധാരണയുണ്ടാക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, 2013-ല്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചിരുന്നുവെന്ന് സീനിയര്‍ അഡ്വക്കേറ്റ് എം.ആര്‍. ഷംഷാദ് ചൂണ്ടിക്കാട്ടി. ലിംഗനീതിയിലധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ന് പറഞ്ഞിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സ്വകാര്യ കമ്പനികളും സമാനമായ ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് അഡ്വ. ഷംഷാദ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇവയെല്ലാം സ്വമേധയാ എടുക്കുന്ന തീരുമാനങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. 'ഇത് നിയമപരമായി 'നിര്‍ബന്ധിതമാണ്' എന്ന് പറയുന്ന നിമിഷം ആരും സ്ത്രീകള്‍ക്ക് ജോലി നല്‍കില്ല. ജുഡീഷ്യറിയിലോ സര്‍ക്കാര്‍ ജോലികളിലോ ആരും അവരെ എടുക്കില്ല... അവരുടെ കരിയര്‍ അതോടെ അവസാനിക്കും. 'നിങ്ങള്‍ വീട്ടിലിരിക്കൂ' എന്നാകും അവര്‍ പറയുക,' അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം, കഴിഞ്ഞ ജനുവരിയില്‍ ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് സുപ്രീം കോടതി നിര്‍ണ്ണായകമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. ആര്‍ത്തവ ശുചിത്വം എന്നത് പെണ്‍കുട്ടികളുടെ ജീവിതം, അന്തസ്സ്, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള അവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കോടതി അന്ന് അംഗീകരിച്ചിരുന്നു.

ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ക്രിയാത്മകമായ ബാധ്യതയുണ്ടെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സൗജന്യ സാനിറ്ററി നാപ്കിനുകള്‍, സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങള്‍, ആര്‍ത്തവ ആരോഗ്യ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്നിവ ഉറപ്പാക്കാന്‍ കോടതി എല്ലാ സര്‍ക്കാരുകള്‍ക്കും അന്ന് നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.