ലക്‌നൗ: ബലാത്സംഗത്തിന് ശേഷം ഇരയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ പത്ത് വര്‍ഷത്തിന് ശേഷം പോലിസ് പിടികൂടി.

രണ്‍ധൗള്‍ (48) എന്നയാളാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ നിന്ന് ഡല്‍ഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്ന് മുതല്‍ ആറു ദിവസത്തോളം രണ്‍ധൗളിന്റെ ചലനങ്ങള്‍ സ്‌പെഷല്‍ സെല്‍ നിരീക്ഷിച്ചു വരിക ആയിരുന്നു.

യുപിയിലെ ലുഹാരി ഗ്രാമത്തിലുള്ള ഇയാളുടെ വീടിനു സമീപം എത്തുമെന്നറിഞ്ഞ പൊലീസ് ഇയാള്‍ക്കായി കെണിയൊരുക്കുക ആയിരുന്നു. 2014ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ഡല്‍ഹിയിലെ സഞ്ജയ് വാന്‍ എന്ന പ്രദേശത്ത് ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 2014 ഓഗസ്റ്റ് 8ന് വസന്ത്കുഞ്ച് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രണ്‍ധൗളിനും കൂട്ടാളിയായ മനോജ് സിങ്, രാം സിങ് എന്നിവര്‍ക്കും എതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ ബലാത്സംഗം ചെയ്ത ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.

എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ രണ്‍ധൗള്‍ ഒളിവിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പട്യാല ഹൗസ് കോടതി ഇയാളെ 2015ല്‍ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകശ്രമം എന്നിവയുള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് സ്‌പെഷല്‍ സെല്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അമിത് കൗശിക് പറഞ്ഞു.