കോഴിക്കോട്: മോഷ്ടിച്ച വാഹനവുമായി യുവാവ് അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി റാക്കിബ് (22) ആണ് മോഷ്ടിച്ച ബൈക്ക് സഹിതം കൈയ്യോടെ പിടികൂടി. ഫറോക്ക് ക്രൈം സ്‌ക്വാഡും നല്ലളം പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാക്കിബ് നല്ലളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.

കഴിഞ്ഞ നവംബറില്‍ നല്ലളം ഉളിശ്ശേരികുന്ന് സ്വദേശിയായ ഹുദൈവ് റഹ്‌മാന്റെ ബൈക്ക് വീടിന് സമീപത്ത് നിന്നും മോഷണം പോയിരുന്നു. വാഹനം രണ്ട് ദിവസമായി ഫറോക്ക് നല്ലളം ഭാഗത്ത് ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റാക്കിബ് അറസ്റ്റിലായത്.

കൂട്ടുപ്രതിയായ നല്ലളം സ്വദേശി അല്‍ത്താഫിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കുണ്ടായിത്തോട് വെച്ചാണ് വാഹനം സഹിതം പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ റാക്കിബിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.