- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്‌കൂട്ടറില്‍ നാലു കൗമാരക്കാരുടെ അപകടയാത്ര; ക്യാമറക്കണ്ണില്‍ കുടുങ്ങി പിടിയിലായി; സ്‌കൂട്ടറില്‍ സഞ്ചരിച്ചത് പ്രായപൂര്‍ത്തിയാകാത്തവര്‍; ഉടമയ്ക്കെതിരേ കേസ്
ഒരു സ്‌കൂട്ടറില്‍ നാലു കൗമാരക്കാരുടെ അപകടയാത്ര
പത്തനംതിട്ട: ഒരു സ്‌കൂട്ടറില്‍ നാലു പേരുടെ സഞ്ചാരം പിന്നാലെ വന്ന വാഹനയാത്രക്കാര്‍ പകര്‍ത്തി ആര്‍ടിഓ എന്‍ഫോഴ്സ്മെന്റിന് കൈമാറി. നമ്പര്‍ നോക്കി ഉടമയെ മനസിലാക്കി ആര്‍ടിഓ അധികൃതര്‍ കേസെടുത്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു. പത്തനംതിട്ട മൈലപ്ര-ചീങ്കല്‍ത്തടം റോഡില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നാലംഗ സംഘത്തിന്റെ ഒരു സ്‌കൂട്ടറിലുള്ള യാത്ര പിന്നാലെ കാറില്‍ വന്നവര്‍ കാമറയില്‍ പകര്‍ത്തിയത്. ഇതില്‍ ഏറ്റവും മുന്നിലും പിന്നിലും സഞ്ചരിച്ചിരുന്നവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. റോഡിന് മധ്യഭാഗത്തു കൂടിയാണ് അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാര്‍ കയറിയ നിലയില്‍ വാഹനമോടിച്ചത്.
വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ച ആര്‍ടിഓ എന്‍ഫോഴ്സ്മെന്റ അധികൃതര്‍ വാഹനം കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളിയായ മാതാവിന്റെ സമ്മതത്തോടെ പ്രായപൂര്‍ത്തിയാകാത്ത മകനാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഒരു മരണ വീട്ടില്‍ പോയി മടങ്ങിയ സൂഹൃത്തുക്കള്‍ നാലും കൂടി കാമറയും പോലീസോ മോട്ടോര്‍ വാഹനവകുപ്പോ എത്താത്തതുമായ റൂട്ടിലൂടെ സഞ്ചാരത്തിന് തെരഞ്ഞെടുക്കുകയായിരുന്നു. കേസെടുത്ത ആര്‍.ടി.ഓ അധികൃതര്‍ വാഹനവും പിടിച്ചെടുത്തു.
നാളെ ആര്‍ടിഓ വന്ന ശേഷം ശിക്ഷാ നടപടികള്‍ തീരുമാനിക്കും. വാഹന ഉടമയ്ക്ക് മൂന്നു വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ശിക്ഷിക്കാവുന്ന വകുപ്പിലുള്ള കുറ്റമാണിത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് 25 വയസു വരെ ഡ്രൈവിങ് ലൈസന്‍സും എടുക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം തിരുവല്ലയ്ക്ക് സമീപം കാറിന്റെ ഡോറിലൂടെ പുറത്തേക്കിരുന്ന് യാത്ര ചെയ്ത രണ്ടു യുവാക്കളെ ആര്‍ടിഓ എന്‍ഫോഴ്സ്മെന്റ് പിടികൂടിയിരുന്നു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുകയും എടപ്പാളിലെ ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലേക്ക് പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു.