ബോവിക്കാനം: വീട്ടിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡില്‍ വാച്ച് കട നടത്തുന്ന ഭര്‍ത്താവ് ജാഫര്‍ ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മുളിയാര്‍ പൊവ്വല്‍ ബെഞ്ച് കോടതിക്ക് സമീപത്തെ അലീമ എന്ന ശൈമ (35) യാണ് ആത്മഹത്യചെയ്തത്.

ഒക്ടോബര്‍ 16-ന് പുലര്‍ച്ചെ ഒന്നോടെയാണ് അലീമയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഫറും 15 വയസ്സിന് താഴെയുള്ള മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുള്ള്യ ജയനഗര്‍ സ്വദേശിനിയാണ് അലീമ. അലീമയുടെ മൃതദേഹത്തില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.

ഭര്‍ത്താവിന്റെ ശാരീരികപീഡനത്തെ തുടര്‍ന്നാണ് അലീമ ആത്മഹത്യ ചെയ്തതെന്നും മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഒളിവില്‍ പോയ ജാഫറെ തിരുവനന്തപുരം ശ്രീകാര്യത്തുവെച്ചാണ് ബേക്കല്‍ ഡിവൈ.എസ്.പി. വി.വി.മനോജും സംഘവും അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.