ഇടുക്കി: കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്ന് വനം വകുപ്പ് അധികൃതര്‍. ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തി. ഇടത് ചെവിക്ക് സമീപത്താണ് മദപ്പാട് കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ ആനയുടെ ചിത്രങ്ങള്‍ പകര്‍ത്തി വെറ്ററിനറി ഡോക്ടര്‍ക്ക് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടറാണ് മദപ്പാട് സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് പടയപ്പ മദപ്പാട് ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. ഇതേ തുടര്‍ന്ന് നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തിരുന്നു.

ഏറെനാളായി പടയപ്പ ഉള്‍ക്കാട്ടിലേക്ക് പിന്‍വാങ്ങാതെ ജനവാസമേഖലയില്‍ തുടരുകയാണ്. വനം വകുപ്പിന്റെ ആര്‍.ആര്‍.ടി.സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനുപുറമേയാണ് പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയതെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്.ബിജു അറിയിച്ചു.

അതേസമയം ജീപ്പില്‍ സഞ്ചരിച്ചിരുന്ന കന്യാസ്ത്രീകള്‍ക്ക് നേരെ കഴിഞ്ഞ ദിവസം പാഞ്ഞടുത്തു. തലനാരിഴയ്ക്കാണ് കന്യാസ്ത്രീകള്‍ രക്ഷപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 5.30-ന് വാഴത്തോപ്പിലേക്കുപോയ മറയൂര്‍ സഹായഗിരി ആശുപത്രിയിലെ കന്യാസ്ത്രീകള്‍ സഞ്ചരിച്ച ജീപ്പിനുനേരേയാണ് കാട്ടാന ഓടിയടുത്തത്.

മറയൂര്‍-മൂന്നാര്‍ അന്തഃസംസ്ഥാനപാതയില്‍ തലയാര്‍ പള്ളിക്ക് മുകളില്‍, വാഹനമോടിച്ചിരുന്ന മറയൂര്‍ സ്വദേശി ഗിരീഷ് എം.ഗോപി പാതയോടുചേര്‍ന്ന് മുകളിലേക്ക് പോകുന്ന പാതയില്‍ പടയപ്പ നില്ക്കുന്നത് കണ്ടു. കടന്നുപോകാമെന്ന ധാരണയില്‍ ജീപ്പ് മുന്നോെട്ടടുത്തു. ഈസമയം പടയപ്പ ഓടി ജീപ്പിനടുത്തേക്ക് എത്തി.

ആക്രമിക്കാന്‍ ശ്രമിക്കവേ ഗിരീഷ് പെട്ടെന്ന് ജീപ്പ് മുന്നോട്ട് ഓടിച്ചുപോകുകയായിരുന്നു. പടയപ്പ കുറച്ചുദൂരം പിന്തുടര്‍ന്നെങ്കിലും പിന്നീട് പിന്‍വാങ്ങി. പടയപ്പ മദപ്പാടിലാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാറിലെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമംഗങ്ങള്‍ പടയപ്പയെ നിരീക്ഷിച്ചുവരുകയാണ്.