ഇടുക്കി: വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. പുല്ലാരിമംഗലം അടിവാട് കുന്നക്കാട്ട് ജോണിന്റെ മകള്‍ ജോര്‍ളി (36) ആണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണ് വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെ ജോര്‍ളി വിഷം കഴിച്ചത്.

ഒരാഴ്ചയായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോര്‍ളിയുടെ അച്ഛന്റെ പരാതിയില്‍, ഭര്‍ത്താവ് പുറപ്പുഴ ആനിമൂട്ടില്‍ ടോണി മാത്യു(43)വിനെതിരേ കരിങ്കുന്നം പോലീസ് വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.

ഭര്‍ത്താവില്‍നിന്നുണ്ടായ കടുത്ത മാനസിക, ശാരീരികപീഡനങ്ങളെത്തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു യുവതിയുടെ പിതാവിന്റെ പരാതി. ജോര്‍ളിയെ ടോണി നിരന്തരം മര്‍ദിക്കുമായിരുന്നുവെന്നും ആരോപണമുണ്ട്. വിവാഹസമയത്ത് നല്‍കിയ 20 പവന്‍ സ്വര്‍ണാഭരണവും പലപ്പോഴായി ആറുലക്ഷം രൂപയും ടോണി കൈക്കലാക്കിയെന്നും പരാതിയിലുണ്ട്.

മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. മകള്‍: അലീന. ജോര്‍ളിയുടെ അമ്മ: പരേതയായ ആനീസ്. സഹോദരങ്ങള്‍: തോമസ്, റോമോന്‍, ഷേര്‍ളി.