- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് വന്‍ ലഹരിവേട്ട; എംഡിഎംഎയുമായി ഈരാറ്റുപേട്ടയില്‍ നിന്നും മണര്‍കാടു നിന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
എംഡിഎംഎയുമായി ഈരാറ്റുപേട്ടയില്‍ നിന്നും മണര്‍കാടു നിന്നുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കോട്ടയം: കോട്ടയത്ത് രണ്ടിടത്ത് നടത്തിയ പോലിസ് പരിശോധനയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. ഈരാറ്റുപേട്ടയില്‍നിന്ന് രണ്ടുപേരും മണര്‍കാടുനിന്നും ഒരാളുമാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടന്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ അബ്ദുള്ള ഷഹാസ് (31) ആണ് മണര്‍കാട് പോലീസിന്റെ പിടിയിലായത്. ഇയാളില്‍നിന്നും 13.64 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മണര്‍കാട് ഉള്ള ഒരു ബാര്‍ ഹോട്ടലില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.
ഹോട്ടലില്‍ ജീവനക്കാരും താമസക്കാരനും തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെ എത്തിയത്. ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ഷഹാസിനെ ചോദ്യംചെയ്തു. സംശയം തോന്നിയ പോലീസ് മുറി അരിച്ചുപെറുക്കി, ഷഹാസിന്റെ ദേഹപരിശോധനയും നടത്തി. പരിശോധനയില്‍ സിപ്ലോക് കവറുകളിലാക്കി സൂക്ഷിച്ച 13.64 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സബ്ഇന്‍സ്പെക്ടര്‍ സജീറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യംചെയ്ത് വരികയാണെന്ന് മണര്‍കാട് പോലീസ് അറിയിച്ചു. ഷഹാസിനെതിരെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കാറില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി ഈരാറ്റുപേട്ട വട്ടക്കയം വരിക്കാനിക്കുന്നേല്‍ ഇസ്മയിലിന്റെ മകന്‍ സഹില്‍ (31), ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ വീട് യാസിന്റെ മകന്‍ യാമിന്‍ (28) എന്നവരാണ് ഈരാറ്റുപേട്ട പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും എംഡിഎംഎയുമായി പോലീസിന്റെ പിടിയിലായത്. ഈരാറ്റുപേട്ട ടൗണിന് സമീപം അങ്കാളമ്മന്‍ കോവിലിന് സമീപംവെച്ചാണ് ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നും 4.640 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തത്.
ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒമാരായ കെ.ജെ. തോമസ്, എസ്ഐ സന്തോഷ് ടി.ബി., എഎസ്ഐ ജയചന്ദ്രന്‍, സിപിഒമാരായ രാജേഷ് ടി.ആര്‍., സുധീഷ് എ.എസ്. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹിലിനെയും യാമിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടുകേസുകളിലും നിന്നായി 18.28 ഗ്രാം എംഡിഎംഎയാണ് ഇന്ന് കോട്ടയം ജില്ലയില്‍നിന്നും പിടികൂടിയത്.