- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണംവിട്ട കാര്‍ ഓട്ടോയ്ക്ക് പിറകിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവം; ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു
കാര്‍ ഓട്ടോയ്ക്ക് പിറകിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവം; ആസിഡ് കഴിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു
കാസര്‍കോട്: നിയന്ത്രണംവിട്ട കാര്‍ ഓട്ടോയ്ക്ക് പിറകിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഭയന്ന് ആസിഡ് കഴിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു. പള്ളഞ്ചിയിലെ സി. അനീഷ് (40) ആണ് മരിച്ചത്. ബേത്തൂര്‍പാറ സ്‌കൂളിന് സമീപം ഉണ്ടായ അപകടത്തില്‍ അനീഷിന്റെ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതോടെ പരിഭ്രാന്തിയിലായ അനീഷ് വാഹനത്തിലുണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ബേത്തൂര്‍പാറയില്‍നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന അനീഷിന്റെ ഓട്ടോയുടെ പിന്നില്‍ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ പിന്‍വശം തകരുകയും പിന്നിലുണ്ടായിരുന്ന ബേത്തൂര്‍പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുല്‍, ആദര്‍ശ് എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ അനീഷ് ഭയന്നു പോയി.
ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിദ്യാര്‍ഥികളെ മറ്റ് വാഹനങ്ങളില്‍ കയറ്റി ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ട അനീഷ് പരിഭ്രാന്തിയിലായി. തുടര്‍ന്ന് അനീഷിനെ സ്ഥലത്തുനിന്ന് കാണാതായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് റോഡിന് താഴെ ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍വിട്ട സമയം റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു മൂന്ന് കുട്ടികളും. ഇതുവഴി ഓട്ടോയില്‍ വന്ന അനീഷ് അയല്‍വാസികളായ വിദ്യാര്‍ഥികളെ കണ്ട് വാഹനത്തില്‍ കയറ്റി കൊണ്ടു പോകുക ആയിരുന്നു. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയാണ് ഓട്ടോഡ്രൈവര്‍ ആസിഡ് കുടിച്ചതെന്ന് പോലീസ് കരുതുന്നു. അനീഷ് റബ്ബര്‍കര്‍ഷകന്‍ കൂടിയാണ്. റബ്ബര്‍ഷീറ്റ് ഉറയൊഴിക്കാന്‍ വാങ്ങിയ ആസിഡാണ് ഓട്ടോയിലുണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ചെങ്കള ഇ.കെ. നായനാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി തന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലായിരുന്ന അനീഷ് ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ബജ കോളേജ് അധ്യാപകനായ ബെനറ്റ് ആണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ബനറ്റ് കുറ്റിക്കോലില്‍ പ്രാഥമിക ചികിത്സ തേടി. അനീഷിന്റെ അച്ഛന്‍: പരേതനായ ശേഖരന്‍ നായര്‍. അമ്മ: സി. മീനാക്ഷി. ഭാര്യ: വീണ (കാര്‍വാര്‍). മക്കള്‍: ആരവ് (നാലാം തരം), ധീരവ് (എല്‍കെജി). ഇരുവരും ബേത്തൂര്‍പാറ എഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സഹോദരങ്ങള്‍: സി. രതീഷ്, സി. ലളിത.