തിരുവനന്തപുരം: വട്ടം ചാടിയയാളെ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്കില്‍നിന്ന് റോഡിലേക്കു വീണ അധ്യാപകന്‍ കാര്‍ ഇടിച്ചുമരിച്ചു. പോത്തന്‍കോട് വാവറഅമ്പലം നിസരിയില്‍ സുനില്‍(54) ആണ് മരിച്ചത്. ഇളമ്പ ഗവ. എച്ച്എസ്എസിലെ രസതന്ത്രം അധ്യാപകനാണ്. സംസ്ഥാനപാതയില്‍ കാരേറ്റ് മുസ്ലിം പള്ളിക്കും സിഎസ്‌ഐ പള്ളിക്കുമിടയിലായിരുന്നു അപകടം.

തിങ്കളാഴ്ച രാത്രി ഏഴോടെ കിളിമാനൂര്‍ ഭാഗത്തുനിന്ന് കാരേറ്റു ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്നു സുനില്‍. ഈ സമയം തട്ടുകടയിലെ ജീവനക്കാരനായ മുരുകപ്പന്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിനു കുറുകേ ചാടി. മുരുകപ്പനെ ഇടിച്ച ബൈക്ക് നിയന്ത്രണംതെറ്റി റോഡില്‍വീണു. റോഡില്‍ വീണ സുനിലിനെയും, മുരുകപ്പനെയും കാരേറ്റുനിന്ന് പുളിമാത്ത് ഭാഗത്തേക്കുവന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുനിലിനെ രക്ഷിക്കാനായില്ല. മടവൂര്‍ ഗവ. എല്‍പിഎസിലെ അധ്യാപിക പ്രീതയാണ് സുനിലിന്റെ ഭാര്യ. മക്കള്‍: അദ്വൈത്, ആദിദേവ്, അനന്യ.