കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) റജിസ്റ്റര്‍ ചെയ്യും. കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകളാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുക. കൊച്ചി അഡി.ഡയറക്ടര്‍ രാകേഷ് കുമാറിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.

ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിനു സമാനമായ നടപടിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേസ് റജിസ്റ്റര്‍ ചെയ്യുന്നതോടെ പ്രതികളുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടും. ശബരിമലയിലെ വിശുദ്ധിയേക്കാള്‍ മൂല്യമുള്ള വിഗ്രഹക്കടത്താണോ അവിടെ നടന്നതെന്ന സംശയങ്ങള്‍ ബലപ്പെടുന്നതിനിടെയാണ് സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്ര ഏജന്‍സി എത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരംകേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ , കോടികളുടെ അഴിമതിയും മോഷണവും നടന്ന ഈ കേസിന്റെ സാമ്പത്തിക വേരുകള്‍ അറുക്കാനാണ് ഇ.ഡി ലക്ഷ്യമിടുന്നത്.