പത്തനംതിട്ട: പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി സ്പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ്. ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കൊടുമുടി പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും കൊടുമുടി ജയ ഭവനം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി.ടി. ഷെബിനെ(39) യാണ് കോടതി ശിക്ഷിച്ചത്. ഒക്ടോബര്‍ 15 ന് വൈകിട്ട് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികപീഡനത്തിന് വിധേയയാക്കുകയായിരുന്നു. കുട്ടിയുടെ നഗ്നചിത്രം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അന്നത്തെ ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജേന്ദ്രന്‍ പിള്ളയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

വീട്ടില്‍ അതിക്രമിച്ചുകടന്നതിന് ഏഴ് വര്‍ഷം കഠിനതടവും 25000 രൂപയും, പോക്സോ നിയമത്തിലെ 8, 7 വകുപ്പുകള്‍ പ്രകാരം 3 വര്‍ഷവും 25000 രൂപയും, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് 20 വര്‍ഷവും രണ്ടു ലക്ഷം രൂപയുമാണ് ശിക്ഷിച്ചത്. ശിക്ഷാകാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതി, പിഴത്തുക ഒടുക്കുന്നുണ്ടെങ്കില്‍ കുട്ടിക്ക് നല്‍കണം. പിഴ അടക്കാഞ്ഞാല്‍ ഒന്നര വര്‍ഷത്തെ അധികകഠിനതടവ് കൂടി അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷന്‍ നടപടികളില്‍ എ എസ് ഐ ഹസീന സഹായിയായി.