പന്തീരാങ്കാവ്: പാലാഴിയിലെ 'എനി ടൈം മണി' എന്ന തട്ടിപ്പ് സ്ഥാപനത്തിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായവര്‍ ആറുപേരെ കൊന്ന് പണവും സ്വര്‍ണവും അപഹരിച്ച കേസിലെ പ്രതികള്‍. രണ്ട് കവര്‍ച്ചാ കേസുകളിലും പ്രതിയാണ്. കേസില്‍ തമിഴ്‌നാട് സ്വദേശികളും സഹോദരങ്ങളുമായ മുരുകന്‍ (33), പഞ്ചനകി സേലം, കേശവന്‍ (25) എന്നിവരെ പന്തീരാങ്കാവ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണക്കേസില്‍ മറ്റൊരു പ്രതിയായ സേലം കിച്ചി പാളയം പഞ്ചാങ്ങി സേലം മാരിയമ്മ മുരുകനെ (28) ബെംഗളൂരുവില്‍ വെച്ച് ഒക്ടോബര്‍ നാലിന് അറസ്റ്റ് ചെയ്തിരുന്നു.

മാരിയമ്മയുടെ ഭര്‍ത്താവും ഭര്‍ത്തൃസഹോദരനുമാണ് മുരുകനും കേശവനും. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് ക്രൈംബ്രാഞ്ച് അടച്ചുപൂട്ടിയ പാലാഴിയിലെ ഓഫീസ് കുത്തിത്തുറന്നാണ് മോഷണം. 2023 ഓഗസ്റ്റ് 17-നും 24 സെപ്റ്റംബര്‍ രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അനുബന്ധ തെളിവെടുപ്പിന് വന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. പ്രതികള്‍ക്കായി അന്വേഷണം തുടരവെയാണ് തമിഴ്‌നാടു സ്വദേശികളആയ കൊടും ക്രിമിനലുകള്‍ പിടിയിലാവുന്നത്.

രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ തമ്പടിച്ചിരുന്ന പ്രതികള്‍ ഗൂഡല്ലൂര്‍ വഴി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെയാണ് കൊലക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പോലീസ് സംഘം ഗൂഡല്ലൂര്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം. സിദ്ദിഖ്, പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ജി. ബിജുകുമാര്‍, എസ്.ഐ. സനീഷ്, എസ്.ഐ. മഹീഷ് എന്നിവര്‍ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് തമിഴ്‌നാട്ടിലും കേരളത്തിലുമായി ആറുപേരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും മോഷ്ടിച്ചവരാണെന്ന് വ്യക്തമായത്.

എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തിയ കേസും തമിഴ്നാട് ഈറോഡ് ചെന്നിമലൈ പെരുന്തുരൈ, കാങ്കയം എന്നീ സ്റ്റേഷനുകളില്‍ അഞ്ച് കേസുകളിലായി വീട് കുത്തിത്തുറന്ന് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ആറ് പേരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന കേസും പെരിയനായ്ക്കം പാളയം, കരുമത്താന്‌ഴപ്പട്ടി, സുലൂര് എന്നീ സ്റ്റേഷനുകളില്‍ രണ്ട് കവര്‍ച്ചക്കേസുകളും മൂന്ന് മോഷണക്കേസുകളും നിലവിലുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ അറിയിച്ചു.