തിരുവനന്തപുരം: വെഞ്ഞാറമൂട് നാഗരുകുഴിയില്‍ നാടിനെ നടുക്കിയ വന്‍ അപകടം. പാറ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് പുറകോട്ട് പാഞ്ഞ് ബൈക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവ ജീവനുകള്‍ പൊലിഞ്ഞു. വെമ്പായം കൊപ്പം സ്വദേശി ആദിത്യന്‍ (22), കാട്ടാക്കട സ്വദേശിനി ജൂലി ഇഗ്‌നേഷ്യസ് (22) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് അധ്യാപകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നാഗരുകുഴി പിരപ്പന്‍കോട് റോഡിലെ കയറ്റത്തിലാണ് അപകടമുണ്ടായത്. പാറ കയറ്റി വരികയായിരുന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് അപ്രതീക്ഷിതമായി പുറകോട്ട് പായുകയായിരുന്നു. പുറകോട്ട് വന്ന ലോറി ആദ്യം ബൈക്കിലും പിന്നാലെ കാറിലും ഇടിച്ചു. ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലിയും ലോറിക്കടിയില്‍ പെടുകയായിരുന്നു. മാര്‍ ഇവാനിയോസ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ജൂലി.

മലപ്പുറം സ്വദേശികളായ അധ്യാപകര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. തിരുവനന്തപുരത്തു നിന്നും അഞ്ച് ലക്ഷം രൂപയ്ക്ക് പുതിയതായി വാങ്ങിയ കാറുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിധിയുടെ ക്രൂരത.

കാറോടിച്ചിരുന്ന അധ്യാപകനെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാ സേനയ്ക്ക് രണ്ട് മണിക്കൂറോളം പണിപ്പെടേണ്ടി വന്നു. കാറിന്റെ ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റ അധ്യാപകരായ യാസിര്‍, റിഷിന്‍ എന്നിവര്‍ മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തിലാണ്.