പാലക്കാട്: വാളയാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് പരുക്കേറ്റു. വാളയാര്‍ വാധ്യാര്‍ചള്ളയില്‍ രത്‌നത്തിന്റെ മകന്‍ വിജയനാണ് (41) പരുക്കേറ്റത്. കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടാനയെ തുരത്താനായാണ് വിജയന്‍ ഇവിടെയെത്തിയത്. എന്നാല്‍ ഈ ശ്രമത്തിനിടെ വിജയനെ കണ്ട കാട്ടാന ഇദ്ദേഹത്തെ തിരിച്ചോടിച്ചു.

രത്‌നം ഓടി രക്ഷപ്പെട്ടെങ്കിലും വിജയനെ ആന ചവിട്ടി. ഇദ്ദേഹം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും കഴുത്തിനു ഇടുപ്പിനും ചവിട്ടേല്‍ക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ സമീപവാസികള്‍ ഓടിക്കൂടി പടക്കമെറിഞ്ഞതോടെ ആനക്കൂട്ടം പിന്തിരിഞ്ഞ് ഓടി. പരുക്കേറ്റ വിജയനെ ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.