ലോകത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്താന്‍ ഏറ്റവും അപകടരമായ സ്ഥലമായി മാറിയിരിക്കയാണ് ഗസ്സയെന്നാണ് കണക്കുകള്‍. ഒക്ടോബര്‍ 7 ആക്രമണത്തിനുശേഷം നടന്ന, 470 ദിവസം നീണ്ടുനിന്ന ഇസ്രായേലി പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 205 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരാണ്. ഇതിന്‍െ പട്ടിക കഴിഞ്ഞ ദിവസം ഗസ്സയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പുറത്തുവിട്ടു. ഇസ്രയേല്‍ ഗസ്സയില്‍ നടത്തുന്ന നരനായാട്ട് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന, മാധ്യമ പ്രവര്‍ത്തകരെ ബോധപൂര്‍വം കൊല്ലുകയാണെന്നാണ് മീഡിയ ഓഫീസ് പറയുന്നത്.

എന്നാല്‍ ഇക്കാര്യം ഇസ്രയേല്‍ നിഷേധിക്കയാണ്. വിദേശ റിപ്പോര്‍ട്ടര്‍മാരെ ഗസ്സയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയതാണ്. ഒഴിഞ്ഞുപോകാന്‍ കൃത്യമായ അറിയിപ്പ് കൊടുത്തിട്ടും ഗസ്സയിലെ യുദ്ധമുഖത്ത് തുടര്‍ന്നവരാണ് കൊല്ലപ്പെട്ടതെന്നും, ഇവരില്‍ പലരും ഹമാസിന്റെ ജിഹാദികള്‍ ആണെന്നുമാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഹമാസ് മാധ്യമ പ്രവര്‍ത്തകരിലും എത്തിയോ?

മാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞ് ഗസ്സയില്‍ എത്തിയവരില്‍ ഏറെയും, ഹമാസിന്റെ ജിഹാദികള്‍ ആണെന്നാണ് ഇരവരുടെ ഐഡി നോക്കി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പറയുന്നത്. ഇതിനുവേണ്ടി തട്ടിക്കൂട്ടി മാധ്യമ സ്ഥാപനം തുടങ്ങിയവരും, മുമ്പു തന്നെ അടച്ചുപൂട്ടിയ സ്ഥാപനങ്ങളിലുള്ളവരും മരിച്ചവരുടെ ലിസ്റ്റിലുണ്ട്. അത് കൂടാതെ ഗസ്സയിലെ ഔദ്യോഗിക ജേണലിസ്റ്റുകളില്‍ തന്നെ ഒരു വിഭാഗം, ജിഹാദിന്റെ ഭാഗമായി പോരടിക്കാന്‍ എത്തിയവരാണ്. ഒഴിഞ്ഞുപോവണമെന്ന് തങ്ങള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് കൊടുത്തിട്ടും കേള്‍ക്കാത്തവരാണ് ഇങ്ങനെ മരിച്ചതെന്നും ഐഡിഎഫ് പറയുന്നതായി ജറുസലേം പോസ്റ്റ് പത്രം പറയുന്നു.

ആഗോള തലത്തില്‍ തങ്ങളെ അപമാനിക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് ഇസ്രയേല്‍ പറയുന്നു. ഉദാഹരണമായി ആശുപത്രിക്കുള്ളില്‍ തുരങ്കം നിര്‍മ്മിച്ച് ഹമാസ് റോക്കറ്റ് ആക്രമണം നടത്തുന്നത് അവര്‍ റിപ്പോര്‍ട്ട് ചെയ്യില്ല. പകരം, പ്രത്യാക്രമണത്തില്‍ ആശുപത്രി തകരുന്നത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. പല മാധ്യമ പ്രവര്‍ത്തകരും, ഹമാസിനൊപ്പം തുരങ്കങ്ങളില്‍ താമസിച്ചുവെന്ന ഗുരുതര ആരോപണവും ഐഡിഎഫ് മുന്നോട്ടുവെക്കുന്നുണ്ട്.

പക്ഷേ കുറേ നിഷ്പക്ഷരായ ജേര്‍ണലിസ്റ്റുകളും ഈ യുദ്ധത്തില്‍ മരിച്ചുവെന്നത് വാസ്തവമാണ്. അതിന് കാരണം അവര്‍ എടുത്ത റിസ്‌ക്ക് തന്നെയാണെന്ന് ജറുസലേം പോസ്റ്റ് പത്രം പറയുന്നു. വാര്‍ത്ത നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനായി അവര്‍ അപകടമേഖലകളിലേക്ക് നുഴഞ്ഞുകയറുകയായിരുന്നുവെന്നാണ് പറയുന്നത്. പക്ഷേ ഗസ്സ മീഡിയ ഓഫീസ് ഇതെല്ലാം നിഷേധിക്കുന്നു. മാധ്യമ പ്രവര്‍ത്തരെ ധീര രക്തസാക്ഷികളായിട്ടാണ് അവര്‍ കാണുന്നത്.

അവര്‍ രക്തസാക്ഷികള്‍

'വിശിഷ്ട സേവനത്തിനു ശേഷം രക്തസാക്ഷിത്വം വരിച്ച പത്രപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ഓര്‍ത്ത്, വളരെ അഭിമാനത്തോടും ബഹുമാനത്തോടും കൂടി'' എന്ന കുറിപ്പോടെയാണ് മീഡിയ ഓഫീസ് ലിസ്റ്റ് പുറത്ത് വിട്ടത്. 'ഫലസ്തീന്‍ ആഖ്യാനത്തെ അടിച്ചമര്‍ത്താനും സത്യം മായ്ച്ചുകളയാനുമുള്ള ശ്രമത്തില്‍ ഇസ്രായേല്‍ അധിനിവേശ സേന ഈ വീരന്മാരെ കൊലപ്പെടുത്തി. എന്നിരുന്നാലും, നമ്മുടെ മഹത്തായ ജനങ്ങളുടെ ഇച്ഛാശക്തി തകര്‍ക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.'' -ഓഫീസ് കൂട്ടിച്ചേര്‍ത്തു.

വിദേശ റിപ്പോര്‍ട്ടര്‍മാരെ ഗസ്സയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയ ഇസ്രായേല്‍, ഫലസ്തീന്‍ പ്രദേശത്തെ മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യം വെക്കുന്നത് യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള സത്യം മറച്ചുവെക്കാനാണെന്ന് ഇവര്‍ ആരോപിക്കുന്നു. ബുധനാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍, കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (സിപിജെ) 2024 ല്‍ റെക്കോര്‍ഡ് എണ്ണം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും അതില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികത്തിനും ഇസ്രായേലാണ് ഉത്തരവാദിയെന്നും പറയുന്നു.

സമീപകാല റിപ്പോര്‍ട്ടില്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്സ് (ഐഫ്ജെ) 2024നെ ''പ്രത്യേകിച്ച് രക്തരൂക്ഷിതമായ വര്‍ഷം'' എന്ന് വിശേഷിപ്പിച്ചു. ഐഎഫ്‌ജെയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2024 ഡിസംബര്‍ 10 ലെ കണക്കനുസരിച്ച്, ജനുവരി 1 മുതല്‍ ലോകമെമ്പാടുമായി 104 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പകുതിയിലധികവും ഗസ്സയിലാണ്. 2023-ല്‍ ലോകത്ത് കൊല്ലപ്പെട്ട എല്ലാ റിപ്പോര്‍ട്ടര്‍മാരില്‍ എഴുപത്തിയഞ്ച് ശതമാനവും ഒക്ടോബര്‍ 7നും കഴിഞ്ഞ വര്‍ഷം അവസാനത്തിനും ഇടയില്‍ കൊല്ലപ്പെട്ടവരാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും മോശം വര്‍ഷങ്ങളിലൊന്ന് എന്നാണ് 2024 നെ ഐഎഫ്ജെ സെക്രട്ടറി ജനറല്‍ ആന്റണി ബെല്ലാംഗര്‍ വിശേഷിപ്പിച്ചത്.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) പുറത്തിറക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍, ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ രാജ്യമാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മറ്റേതൊരു രാജ്യത്തേക്കാളും ഉയര്‍ന്ന മരണസംഖ്യയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും പറഞ്ഞു. ഡിസംബര്‍ 1 വരെയുള്ള ഡാറ്റ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.