തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയില്‍നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവം ഗൗരവത്തില്‍ എടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം. രാജ്യത്തെ സൈനിക ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത സുരക്ഷാ വീഴ്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. മോഷണം നടന്ന ആനക്കൊമ്പ് ക്യാമ്പ് പരിധിക്ക് പുറത്തേക്ക് കൊണ്ടുപോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്ന സംശയം ബലപ്പെട്ടതോടെ സൈനിക ഇന്റലിജന്‍സും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഡിജെ പാര്‍ട്ടിക്കെത്തിയ 17 പേരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ള ഈ സംഘത്തെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും മോഷണവുമായി ബന്ധപ്പെട്ട വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സൈനിക ക്യാമ്പിലേക്കുള്ള പ്രവേശന കവാടങ്ങളിലും പുറത്തും കര്‍ശനമായ പരിശോധനാ സംവിധാനങ്ങള്‍ നിലനില്‍ക്കെ, രണ്ട് ആനക്കൊമ്പുകളുമായി പുറത്തുകടക്കുക എന്നത് അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ക്യാമ്പിനുള്ളിലെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാകാം ഇതിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് ക്യാമ്പിലേക്ക് ഒരാള്‍ അതിക്രമിച്ചു കയറിയ സംഭവം മോഷണവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. അന്ന് പിടിയിലായ ആളെ മാനസികരോഗിയാണെന്ന് പറഞ്ഞ് കേസ് ലഘൂകരിക്കുകയായിരുന്നു. ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം നടക്കാത്തതിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. നുഴഞ്ഞുകയറ്റത്തിന് പിന്നാലെ അതീവ സുരക്ഷാ മേഖലയില്‍ മോഷണം നടന്നത് സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

രണ്ട് കോടിയോളം രൂപ മൂല്യം കണക്കാക്കുന്ന ആനക്കൊമ്പുകളാണ് ഓഫീസില്‍നിന്ന് കാണാതായത്. ഡിജെ പാര്‍ട്ടിക്കെത്തിയവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. അതീവ സുരക്ഷയുള്ള സൈനിക മേഖലയില്‍ ഇത്തരമൊരു കവര്‍ച്ച നടന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്നും ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്നുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

പാങ്ങോട് ക്യാമ്പിലെ ഉന്നതര്‍ക്കെതിരേയും പ്രതിരോധ മന്ത്രാലയം അന്വേഷണം നടത്തും. ഗൗരവത്തില്‍ തന്നെ ഇതിനെ എടുക്കും. ഇത്തരം വീഴ്ചകള്‍ അനുവദിക്കാന്‍ ആവില്ലെന്നതാണ് പ്രതിരോധ വകുപ്പിന്റെ നിലപാട്. വെറുമൊരു ആനക്കൊമ്പല്ല പാങ്ങോട് നിന്ന് നഷ്ടമായിരിക്കുന്നത്. 1929-ല്‍ അന്നത്തെ സര്‍ക്കാര്‍ സൈന്യത്തിന് സ്മരണികയായി കൈമാറിയ ചരിത്രരേഖ കൂടിയാണത്. ഏകദേശം 97 വര്‍ഷത്തോളം സൈനിക ക്യാമ്പിലെ അമൂല്യ ശേഖരമായി സൂക്ഷിച്ചിരുന്ന ഈ കൊമ്പുകള്‍ അതീവ സുരക്ഷാ വലയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഈ പൈതൃക സ്വത്തുക്കളാണ് ഇപ്പോള്‍ മാഫിയ സംഘങ്ങളുടെ കൈകളിലേക്ക് എത്തിയതെന്ന സംശയം ബലപ്പെടുന്നു.

കഴിഞ്ഞ ദിവസം സൈനിക ക്യാമ്പില്‍ നടന്ന ഒരു പാര്‍ട്ടിയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ളത്. വിരുന്നിന് ശേഷം പരിശോധിച്ചപ്പോഴാണ് കൊമ്പുകള്‍ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്. പുറത്തുനിന്നുള്ള ഒരാള്‍ക്ക് അതീവ സുരക്ഷാ പരിശോധനകള്‍ കടന്ന് ഈ കൂറ്റന്‍ ആനക്കൊമ്പുകള്‍ കടത്തിക്കൊണ്ടുപോകുക എന്നത് അസാധ്യമാണ്. അതിനാല്‍ തന്നെ അകത്തുള്ളവരുടെ സഹായമോ അറിവോ ഇല്ലാതെ ഇത്രയും വലിയൊരു മോഷണം നടക്കില്ലെന്ന് പോലീസ് സംശയിക്കുന്നു. വിരുന്നില്‍ പങ്കെടുത്തവര്‍ ആരൊക്കെ? പുറത്തുനിന്നുള്ളവര്‍ ആരെങ്കിലും ക്യാമ്പില്‍ എത്തിയോ? എന്നീ കാര്യങ്ങള്‍ പോലീസ് അക്കമിട്ട് പരിശോധിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ആനക്കൊമ്പിന് ലഭിക്കുന്ന വന്‍ വില മുന്നില്‍ക്കണ്ട് വന്‍കിട മാഫിയകള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നു. സൈനിക ക്യാമ്പിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. സുരക്ഷാ വീഴ്ചയെക്കുറിച്ച് സൈനിക വിഭാഗം ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.