- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ ഡ്രൈവര്‍ ആറ് വര്‍ഷം കൊണ്ട് കോടീശ്വരനായി; തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റ 'പോപ്‌കോണ്‍ മണി'; കാന്റീന്‍ നടത്തിയ 'കാന്റീന്‍ മണി'; ബ്ലഡ് പലിശ ഇടപാടില്‍ 'ഫിനാന്‍സ് മണി'; റിയല്‍ എസ്റ്റേറ്റായപ്പോള്‍ 'ഡയമണ്ട് മണി'; ഇങ്ങനെ പേരുകള്‍ പലത്; ഇനി ജയില്‍ മണിയോ? മണിയുടെ മൊഴി കള്ളം; ശബരിമല കൊള്ള കൂടുതല്‍ ദുരൂഹതയില്‍
ശബരിമലയിലെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ദിണ്ഡിഗല്‍ സ്വദേശിയായ ഡി-മണിയെ അന്വേഷണ സംഘം രണ്ട് മണിക്കൂര്‍ നേരം ചോദ്യം ചെയ്യലിന് വിധേയനാക്കുമ്പോള്‍ ലഭിച്ചത് ഗൂഡാലോചനയുടെ യഥാര്‍ത്ഥ രൂപം. വരും ആഴ്ചയില്‍ തിരുവനന്തപുരത്തെത്തി ഹാജരാകാന്‍ ഇയാള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേരളത്തില്‍ ബിസിനസ്സ് ഇടപാടുകള്‍ ഒന്നുമില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍ മണി പറഞ്ഞത്. വിവാദങ്ങളില്‍ പറയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ മൊഴി നല്‍കി. എന്നാല്‍ ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു. പോലീസിന് മൊഴി നല്‍കിയ പ്രവാസി വ്യവസായി മണിയെ തിരിച്ചറിഞ്ഞു. ഇതോടെ ഇനിയുള്ള ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമായി.
ഓട്ടോ ഡ്രൈവറായിരുന്ന മണി കേവലം ആറ് വര്‍ഷം കൊണ്ടാണ് ഡയമണ്ട് മണിയെന്ന കോടീശ്വരനായി മാറിയത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ തൊഴിലും ഓരോ പേരുമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്. സിനിമാ തിയേറ്ററില്‍ പോപ്‌കോണ്‍ വിറ്റിരുന്ന കാലത്ത് 'പോപ്‌കോണ്‍ മണി' എന്നും, കാന്റീന്‍ നടത്തിപ്പുകാരനായപ്പോള്‍ 'കാന്റീന്‍ മണി' എന്നും ഇയാള്‍ അറിയപ്പെട്ടു. പിന്നീട് ബ്ലേഡ് പലിശ ഇടപാട് തുടങ്ങിയപ്പോള്‍ 'ഫിനാന്‍സ് മണി' എന്ന പേര് സ്വീകരിച്ചു. ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടന്നതോടെയാണ് ഇയാള്‍ 'ഡയമണ്ട് മണി' എന്ന പേരിലേക്ക് വളര്‍ന്നത്. ജയലളിതയുടെ അടുത്ത വൃത്തങ്ങളുമായി ബന്ധമുണ്ടെന്ന് പോലും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ശബരിമല കേസില്‍ ഇയാളെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ട്. അങ്ങനെ എങ്കില്‍ 'ജയില്‍ മണി' എന്ന പേരും ഇയാളെ തേടിയെത്തും.
ആള് മാറിപ്പോയതാണെന്നും താന്‍ എം.എസ്. മണി എന്ന റിയല്‍ എസ്റ്റേറ്റ് വ്യാപാരിയാണെന്നും ഇയാള്‍ തുടക്കത്തില്‍ വാദിച്ചിരുന്നു. എന്നാല്‍ പരാതിക്കാരനായ പ്രവാസി വ്യവസായി ഫോട്ടോ കണ്ട് തിരിച്ചറിഞ്ഞതോടെയാണ് പോലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നത്. സുബ്രഹ്‌മണ്യം എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേരെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിണ്ഡിഗലിലെ ഇയാളുടെ സ്ഥാപനങ്ങളിലും വിരുദുനഗറിലുള്ള സഹായി ശ്രീകൃഷ്ണന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. വിഗ്രഹങ്ങളും പഴയ പാത്രങ്ങളും വില്‍ക്കുന്ന ശ്രീകൃഷ്ണന്റെ കടയിലും റെയ്ഡ് നടന്നു. നേരത്തെ ബാലമുരുകന്‍ എന്നാണ് പേരെന്നായിരുന്നു പ്രചരിച്ചത്.
പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയതിലും മണിക്ക് പങ്കുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം കോടതിയുടെ വാറന്റുമായാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കെത്തിയത്. പ്രവാസി നല്‍കിയ ഫോണ്‍ നമ്പറിന്റെ ഉടമസ്ഥാവകാശം പരിശോധിച്ചാണ് പോലീസ് മണിയിലേക്ക് എത്തിയത്. ബാലമുരുകന്‍ എന്ന സുഹൃത്തിന്റെ പേരിലുള്ള സിം കാര്‍ഡാണ് താന്‍ ഉപയോഗിക്കുന്നതെന്ന് ഇയാള്‍ സമ്മതിച്ചു. ഈ നമ്പര്‍ കേസിലെ മറ്റ് പ്രതികളിലൊരാളുടെ ഫോണില്‍ ഉണ്ടായിരുന്നുവെന്നതും പോലീസ് സ്ഥിരീകരിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തിരുവനന്തപുരത്ത് വെച്ച് മണി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇറിഡിയം തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍ മുന്‍പ് പ്രതിയായിട്ടുള്ള മണിക്ക് രാജ്യാന്തര പുരാവസ്തുക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് ബിസിനസ് എന്നത് ആഭരണ, വിഗ്രഹ ഇടപാടുകള്‍ മറയ്ക്കാനുള്ള ഒരു കവചം മാത്രമാണെന്ന് പോലീസ് സംശയിക്കുന്നു.




