തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ നിലപാട് ആവര്‍ത്തിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. വിമര്‍ശിക്കേണ്ട മാധ്യമങ്ങളുടെ മുഖത്ത് നോക്കി വിമര്‍ശിക്കാന്‍ തനിക്ക് മടിയില്ല. താന്‍ അത് തുടരും. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മരംമുറി ചാനല്‍ കാണിച്ച തെറ്റായ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മരം മുറിയെ കുറിച്ചു പറയാനുണ്ട്, അതേക്കുറിച്ച് ചോദിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

'പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ആര് വന്നാലും കൂടെ നിന്ന് ചിത്രമെടുക്കും. കള്ളന്‍മാരും ദുഷ്ടന്‍മാരുമെന്ന് കണ്ടാല്‍ മാറ്റി നിര്‍ത്തുമെന്നും പോറ്റി വിവാദത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കി. ഉണ്ണി കൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം പുറത്തു വന്നതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം എസ്.ഐ.ടി സംഘം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തിരുന്നു.

'അവര്‍ എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. അന്വേഷണ സംഘത്തിന് അകത്ത് മറുപടി കൊടുത്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചില മാധ്യമങ്ങള്‍ തന്നെയും ഉണ്ണി കൃഷ്ണന്‍ പോറ്റിയെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തതെന്ന് വാര്‍ത്ത ഇറക്കി. അത്തരം വാര്‍ത്തകള്‍ കൊടുക്കാന്‍ എല്‍.ഡി.എഫ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ്', അടൂര്‍ പ്രകാശ് ആരോപിച്ചു. ആരൊക്കെ ഗൂഡാലോചന നടത്തിയാലും യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തനിക്കെതിരെ വരുന്നത് എസ്‌ഐടി ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വാര്‍ത്തകളെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥരല്ല ഇതിന് പിന്നിലെന്നും അതിന് വേണ്ടി നിയോഗിക്കപ്പെട്ടവരാണ് ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മാധ്യമങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ തന്നോട് പിന്നിലൂടെ പോകാനാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ താന്‍ മാധ്യമങ്ങളെ കണ്ട ശേഷമേ പോകൂ എന്നാണ് പറഞ്ഞത്. കേസ് വളച്ചൊടിക്കാന്‍ ശ്രമം നടക്കുകയാണ് എന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിയാന്‍ എസ്‌ഐടി അടൂര്‍ പ്രകാശ് എംപിയെ വിളിപ്പിച്ചത്. പൊലീസ് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിന് ശേഷം ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ് എസ്ഐടി തന്നെ വിളിപ്പിച്ചതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എസ്ഐടി ചോദിച്ചുവെന്നും അടൂര്‍ പ്രകാശ് തുറന്നുപറഞ്ഞിരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം താന്‍ കൃത്യമായ മറുപടി നല്‍കി. മറ്റ് കാര്യങ്ങള്‍ പറയേണ്ടത് താനല്ല, എസ്ഐടിയാണ്. ചോദ്യം ചെയ്യലില്‍ അസ്വാഭാവികതയില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.