- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'പോറ്റി തന്നത് ഈന്തപ്പഴം, അത് അവിടെ ഉള്ളവര്‍ക്ക് തന്നെ നല്കി; പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ പോയി, സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്; പോറ്റി കൊള്ളസംഘക്കാരനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ല; മരംമുറി ചാനല്‍ തന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നു; ചിത്രങ്ങള്‍ പുറത്തുവന്നതില്‍ കോണ്‍ഗ്രസില്‍ തനിക്കെതിരെയുള്ള നീക്കവുമാകാം'; വിശദീകരണവുമായി അടൂര്‍ പ്രകാശ്
'പോറ്റി തന്നത് ഈന്തപ്പഴം, അത് അവിടെ ഉള്ളവര്‍ക്ക് തന്നെ നല്കി

ന്യൂഡല്‍ഹി: യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും അടുത്ത ബന്ധം വ്യക്തമാക്കുന്നതിന്റെയും കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. പോറ്റിക്ക് അടൂര്‍ പ്രകാശ് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. ഈ ചിത്രങ്ങള്‍ പുറത്തുവന്നതോടെ വിശദീകരണവുമായി അടൂര്‍ പ്രകാശ് രംഗത്തുവന്നു.
മണ്ഡലത്തിലുള്ള ആളെന്ന നിലയിലാണ് സഹകരിച്ചതെന്ന വാദം ആവര്‍ത്തിച്ചു കൊണ്ടാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചത്. പോറ്റി ക്ഷണിച്ച ചടങ്ങില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് സമ്മതിച്ചു. ശബരിമലയിലെ ചടങ്ങിനെത്താനായി പോറ്റി തന്നെ ക്ഷണിച്ചു.
ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പോറ്റി തന്നെ വന്ന് കാണുകയായിരുന്നു. അത് അനുസരിച്ച് താന്‍ ആ ചടങ്ങില്‍ പങ്കെടുത്തു. അതനുസരിച്ചാണ് പോയത്. പിന്നീട് പോറ്റിയുടെ പിതാവ് മരിച്ചപ്പോള്‍ പോയി.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ പോയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. താന്‍ ഒറ്റയ്ക്കായിരുന്നില്ല പോയത്. കെപിസിസി ജനറല്‍ സെക്രട്ടറി രമണി പി നായരും തനിക്കൊപ്പമുണ്ടായിരുന്നു. രമണി പി നായരുടെ വീടിന് തൊട്ടടുത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്. മണ്ഡലത്തില്‍പ്പെട്ട ആള്‍ എന്ന നിലയിലാണ് താന്‍ അവിടെ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പോറ്റി കൊള്ളസംഘക്കാരനാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.
പോറ്റിയില്‍ നിന്നും സമ്മാനം വാങ്ങുന്ന ചിത്രങ്ങള്‍ പുറത്തുവന്നതും അടൂര്‍ പ്രകാശ് നിഷേധിച്ചിട്ടില്ല. ഈന്തപ്പഴമോ മറ്റോ ആണ് പോറ്റി സമ്മാനമായി തന്നത്. അത് അപ്പോള്‍ തന്നെ അവിടെയുള്ളവര്‍ക്ക് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രങ്ങള്‍ പുറത്തുവന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന സംശയവും അടൂര്‍ പ്രകാശ് ഉയര്‍ത്തുന്നു. തനിക്കെതിരെ കോണ്‍ഗ്രസില്‍ നിന്ന് നീക്കം നടക്കുന്നുണ്ടാകാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
സോണിയ ഗാന്ധിയുമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി രണ്ടുവട്ടമാണ് കൂടിക്കാഴ്ച നടത്തിയത്. ഒരു തവണ അടൂര്‍ പ്രകാശ് ഒപ്പം പോയി. മറ്റൊരിക്കല്‍ ആന്റോ ആന്റണിയും. 'സോണിയ ഗാന്ധിയുടെ അപ്പോയിന്‍മെന്റ് ഉണ്ടെന്നും ഒപ്പം വരണമെന്നും' പോറ്റി തന്നോട് പറഞ്ഞുവെന്നും ഈ അഭ്യര്‍ഥന മാനിച്ചാണ് പോയതെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.
അതേസമയം ചിത്രങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനെ അടൂര്‍ പ്രകാശ് പരിഹസിച്ചു. വിഷയം മരംമുറി ചാനല്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ന് രാവിലെ മുതല്‍ മരംമുറി ചാനലില്‍ ഈ വാര്‍ത്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അടൂര്‍ പ്രകാശ് പരിഹസിച്ചു. മോശക്കാരനാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോകില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാം. അവര്‍ക്ക് തന്നെ മോശക്കാരനായി കാണാന്‍ കഴിയില്ല. കേരളത്തിലെ ജനങ്ങള്‍ എല്ലാ കാര്യങ്ങളും കാണുകയും മനസിലാക്കുകയും ചെയ്യുന്നവരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തനിക്ക് പോറ്റിയെക്കുറിച്ച് മറ്റ് കാര്യങ്ങള്‍ ഒന്നും അറിയില്ല. സോണിയ ഗാന്ധിയെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്ന് പോറ്റി ഇങ്ങോട്ട് പറഞ്ഞിരുന്നു. എംപിയെന്ന നിലയില്‍ കൂടെ വരണം എന്നും ആവശ്യപ്പെട്ടു. അതനുസരിച്ചാണ് താന്‍ പോയത്. താന്‍ വഴിയാണ് പോറ്റി സോണിയ ഗാന്ധിയുടെ അടുത്ത് എത്തിയത് എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
നേരത്തെ ഷര്‍ട്ടും പാന്റും ധരിച്ച് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം നല്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി തന്റെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ താമസക്കാരനാണെന്നും അയ്യപ്പ ഭക്തന്‍ എന്ന നിലയില്‍ മാത്രമാണ് പരിചയം എന്നുമാണ് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവിധ ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.
നേരത്തെ സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. സോണിയാഗാന്ധിക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തില്‍ അടൂര്‍ പ്രകാശ് എം.പിയുമുണ്ടായിരുന്നു. പോറ്റി ക്ഷണിച്ചിട്ടാണ് ഒപ്പം ചെന്നതെന്നും സോണിയയെ കാണാന്‍ താനല്ല അനുമതി വാങ്ങിയതെന്നും മറ്റൊരാളാണെന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. ശബരിമലയിലെ സ്പോണ്‍സര്‍ എന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമെന്നാണ് എന്നാണ് അടൂര്‍ പ്രകാശിന്റെ വിശദീകരണം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ മുന്‍ മന്ത്രി കടംപള്ളി സുരേന്ദ്രനും മുന്‍ റാന്നി എം.എല്‍.എയും നിലവിലെ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇരുവരും ജനപ്രതിനിധികളായിരിക്കെയായിരുന്നു സന്ദര്‍ശനം നടത്തിയത്.


