തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. കെപിസിസി അധ്യക്ഷ പദവി പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് കൈമാറാനുള്ള നീക്കങ്ങളാണ് ഡല്‍ഹി കേന്ദ്രീകരിച്ച് സജീവമാകുന്നത്. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായതോടെയാണ് പുതിയ അധ്യക്ഷനായുള്ള തിരച്ചില്‍ തുടങ്ങിയത്.

ഹൈക്കമാന്‍ഡില്‍ ശക്തമായ സ്വാധീനം പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായുള്ള അടുത്ത ബന്ധമാണ് ആന്റോ ആന്റണിക്ക് ഹൈക്കമാന്‍ഡില്‍ മുന്‍തൂക്കം നല്‍കുന്നത്. വാദ്രയുടെ വിശ്വസ്തനായ അന്റോയെ മുന്‍പും അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ചിരുന്നെങ്കിലും അന്ന് അവസാന നിമിഷം കൈവിട്ടുപോവുകയായിരുന്നു. ഇത്തവണ വാദ്രയുടെ പിന്തുണയും ദേശീയ നേതൃത്വത്തിലെ സമ്മര്‍ദ്ദവും ആന്റോയ്ക്ക് അനുകൂല ഘടകങ്ങളാണ്.

സണ്ണി ജോസഫിന് പകരം ഷാഫി പറമ്പിലിനെ അധ്യക്ഷനാക്കാനായിരുന്നു ആദ്യഘട്ടത്തില്‍ ആലോചനകള്‍ നടന്നിരുന്നത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതോടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിഞ്ഞു. ഷാഫിയെ അധ്യക്ഷനാക്കുന്നത് ന്യൂനപക്ഷ പ്രീണനമായി ഇടതുപക്ഷം ആയുധമാക്കുമെന്ന് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നു. ഇതോടെ ഷാഫിയെ തഴഞ്ഞു. ഇതിനൊപ്പം മാങ്കൂട്ടത്തിലുമായുള്ള സൗഹൃദവും ഷാഫിയ്ക്ക് വിനയായി.

ക്രൈസ്തവ വോട്ടുകളും സമുദായിക സമവാക്യങ്ങളും ഹൈക്കമാണ്ട് ഗൗരവത്തില്‍ എടുക്കുന്നു. കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍, മധ്യകേരളത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കാന്‍ ആന്റോ ആന്റണിയിലൂടെ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ആന്റോയ്ക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

സിറോ മലബാര്‍, മാര്‍ത്തോമ സഭകളുമായുള്ള ആന്റോയുടെ അടുത്ത ബന്ധം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഗുണകരമാകും. ക്രൈസ്തവ മുഖത്തെ അധ്യക്ഷനാക്കുന്നതിലൂടെ മധ്യകേരളത്തില്‍ യുഡിഎഫിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമെന്നാണ് പാര്‍ട്ടി പ്രതീക്ഷ. വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാറും പി.സി. വിഷ്ണുനാഥും വണ്ടൂരിലും കുണ്ടറയിലും ജനവിധി തേടുന്നതിനാല്‍ അധ്യക്ഷ പദവിയിലേക്ക് ഒരു മുഴുവന്‍സമയ നേതാവിനെ തന്നെ വേണമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. രാഷ്ട്രീയ സാഹചര്യങ്ങളും സമുദായിക പിന്തുണയും ഒത്തുവന്നാല്‍ ആന്റോ ആന്റണി കെപിസിസിയുടെ തലപ്പത്തെത്തും.