- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രണയവും വിരഹവും ആ ശബ്ദത്തില്‍ അലിഞ്ഞുചേര്‍ന്നു; അരിജിത് സിംഗിന്റെ പാട്ടുകള്‍ കേള്‍ക്കാതെ ഇന്ത്യക്കാര്‍ക്ക് എന്ത് സംഗീതം? പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് താരം: 'ഞാനിത് അവസാനിപ്പിക്കുന്നു'; ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റാഗ്രാം പോസ്റ്റ്; സങ്കടത്തിലാഴ്ത്തിയ തീരുമാനത്തിന് പിന്നിലെ രഹസ്യം എന്ത്?
പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അരിജിത് സിംഗ്

മുംബൈ: ഇന്ത്യന്‍ സംഗീത പ്രേമികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിക്കൊണ്ട് പ്രിയ ഗായകന്‍ അരിജിത് സിംഗ് പിന്നണി ഗാനരംഗം (Playback Singing) വിടുന്നു. ഇന്ന് വൈകുന്നേരമാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി താരം ഈ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. 'ഞാനിത് അവസാനിപ്പിക്കുന്നു' (I am calling it off) എന്ന അരിജിത്തിന്റെ വാക്കുകള്‍ ബോളിവുഡ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി.
ഇനി പുതിയ സിനിമ പാട്ടുകള്‍ പാടില്ല
ഇനി മുതല്‍ സിനിമകളില്‍ പാടാനുള്ള പുതിയ അവസരങ്ങള്‍ താന്‍ ഏറ്റെടുക്കില്ലെന്ന് അരിജിത് വ്യക്തമാക്കി. 'ഒരു പിന്നണി ഗായകന്‍ എന്ന നിലയില്‍ ഇനി പുതിയ പ്രോജക്റ്റുകള്‍ ചെയ്യില്ല. ഇതൊരു മനോഹരമായ യാത്രയായിരുന്നു,' എന്ന് അദ്ദേഹം കുറിച്ചു.
സിനിമയ്ക്ക് വേണ്ടി പാടുന്നത് നിര്‍ത്തുന്നുണ്ടെങ്കിലും സംഗീതം പൂര്‍ണ്ണമായി ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒരു കൊച്ചു കലാകാരനായി കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും സ്വതന്ത്രമായി സംഗീതം സൃഷ്ടിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് അരിജിത് പറഞ്ഞു.നിലവില്‍ പാടാമെന്ന് ഏറ്റ ചില പാട്ടുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. അതുകൊണ്ട് ഈ വര്‍ഷം ചില റിലീസുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
പെട്ടെന്നുള്ള ഈ വിരമിക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണം അരിജിത് വെളിപ്പെടുത്തിയിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധവും സങ്കടവുമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 'അരിജിത്ത് ഇല്ലാതെ ബോളിവുഡ് സംഗീതം ശൂന്യമാണ്', 'ഇതൊരു ഹാക്കിംഗ് ആണെന്ന് പറയൂ' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍. 'ആഷിഖി 2' എന്ന ചിത്രത്തിലെ 'തും ഹി ഹോ' എന്ന ഗാനത്തിലൂടെയാണ് അരിജിത് ഇന്ത്യയിലുടനീളം തരംഗമായത്.
അരിജിത് സിംഗിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
'എല്ലാവര്‍ക്കും ഹലോ, എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ഇത്രയും വര്‍ഷക്കാലം ശ്രോതാക്കള്‍ എന്ന നിലയില്‍ എനിക്ക് നല്‍കിയ വലിയ സ്‌നേഹത്തിന് ഞാന്‍ നിങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഇനി മുതല്‍ പിന്നണി ഗായകന്‍ എന്ന നിലയില്‍ പുതിയ പ്രോജക്റ്റുകളൊന്നും ഏറ്റെടുക്കില്ലെന്ന് ഞാന്‍ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ഞാന്‍ ഇത് ഇവിടെ അവസാനിപ്പിക്കുകയാണ്. ഇതൊരു മനോഹരമായ യാത്രയായിരുന്നു. ദൈവം എന്നോട് വളരെ ദയയുള്ളവനായിരുന്നു. നല്ല സംഗീതത്തിന്റെ ആരാധകനാണ് ഞാന്‍, ഭാവിയില്‍ ഒരു ചെറിയ കലാകാരന്‍ എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും സ്വന്തമായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും വീണ്ടും നന്ദി. എനിക്ക് നിലവില്‍ ഏറ്റെടുത്ത ചില ജോലികള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്, അവ ഞാന്‍ തീര്‍ക്കും. അതിനാല്‍ ഈ വര്‍ഷം ചില റിലീസുകള്‍ നിങ്ങള്‍ പ്രതീക്ഷിച്ചേക്കാം. ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ സംഗീതം നിര്‍മ്മിക്കുന്നത് നിര്‍ത്തുകയില്ല.'
പിന്നണി ഗാനരംഗത്തുനിന്നുള്ള പുതിയ അവസരങ്ങള്‍ ഉപേക്ഷിക്കുന്നുണ്ടെങ്കിലും, നിലവില്‍ ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കുമെന്ന് ഗായകന്‍ വ്യക്തമാക്കി. നിലവിലുള്ള ഈ വര്‍ക്കുകള്‍ ഈ വര്‍ഷം അവസാനം പുറത്തിറങ്ങിയേക്കാം. താന്‍ സംഗീതം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, പകരം ഒരു സ്വതന്ത്ര കലാകാരന്‍ എന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും സ്വയം വികസിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തന്റെ ശ്രോതാക്കളെ ബോധിപ്പിച്ചു.
അനേകം മികച്ച സിനിമാ ഗാനങ്ങളും മറ്റ് കലാകാരന്മാരുമായുള്ള സഹകരണങ്ങളും ഉള്‍പ്പെടുന്നതായിരുന്നു അരിജിത് സിംഗിന്റെ കരിയര്‍. സംഗീത ലോകത്ത് വലിയ സ്വാധീനം ചെലുത്തിയ അദ്ദേഹത്തിന്റെ പിന്നണി ഗാനരംഗത്തുനിന്നുള്ള വിരമിക്കല്‍ തീരുമാനം എന്തായാലും ആരാധകര്‍ക്ക് പെട്ടെന്ന് രസിക്കുന്നതല്ല.
ബോളിവുഡ് സംഗീത ലോകത്ത് ഒരു വിപ്ലവം തന്നെയായിരുന്നു അര്‍ജിത് സിംഗ്. ശബ്ദത്തിലെ ആഴവും പ്രണയത്തിന്റെ തീക്ഷ്ണതയും കൊണ്ട് ഓരോ ഇന്ത്യക്കാരന്റെയും പ്ലേലിസ്റ്റില്‍ അര്‍ജിത് ഇടംപിടിച്ചു. പിന്നണി ഗാനരംഗത്തോട് വിടപറയുമ്പോള്‍ അദ്ദേഹം നമുക്ക് നല്‍കിയ ചില അനശ്വര ഗാനങ്ങള്‍ ഇവയാണ്:
1. തും ഹി ഹോ (Aashiqui 2)
അരിജിത് സിംഗ് എന്ന ഗായകനെ ഇന്ത്യയുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയ ഗാനം. ഈ ഒരൊറ്റ പാട്ടിലൂടെ അദ്ദേഹം കൈവരിച്ച പ്രശസ്തി ബോളിവുഡ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. പ്രണയത്തിന്റെ തീവ്രത മുഴുവന്‍ ആ വരികളില്‍ അരിജിത് നിറച്ചു.
2. ചന്ന മേരേയാ (Ae Dil Hai Mushkil)
വിരഹത്തിന്റെ നോവ് ഇത്രത്തോളം മനോഹരമായി പാടിയ മറ്റൊരു ഗായകനുണ്ടാവില്ല. ഓരോ ഹൃദയഭേദകമായ പ്രണയ പരാജയങ്ങളിലും ഇന്നും മലയാളികള്‍ പോലും ഏറ്റുപാടുന്ന ഗാനമാണിത്.
3. കബീര (Yeh Jawaani Hai Deewani)
വീട് വിട്ടിറങ്ങുന്നവരുടെയും സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായുന്നവരുടെയും നൊമ്പരമായിരുന്നു 'കബീര'. ഹൃദ്യമായ സംഗീതവും അരിജിത്തിന്റെ നാച്ചുറല്‍ വോയ്‌സും ഈ പാട്ടിനെ ഒരു ക്ലാസിക് ആക്കി മാറ്റി.
4. അഗര്‍ തും സാത്ത് ഹോ (Tamasha)
രണ്‍ബീര്‍ കപൂറും ദീപികയും തകര്‍ത്തഭിനയിച്ച ഈ പാട്ടില്‍, അരിജിത്തിന്റെ ശബ്ദം വായനക്കാരെയും കേള്‍വിക്കാരെയും വൈകാരികമായി തളര്‍ത്തുന്നതായിരുന്നു. അല്‍ക്കാ യാഗ്‌നിക്കിനൊപ്പമുള്ള ഈ ഗാനം ഇന്നും ചാര്‍ട്ട്ബസ്റ്ററുകളില്‍ ഒന്നാണ്.
5. കേസരിയ (Brahmastra)
പുതിയ തലമുറയുടെ പ്രണയഗീതമായി മാറിയ പാട്ട്. അരിജിത്തിന്റെ ശബ്ദത്തിന് ഇപ്പോഴും ആ പഴയ പ്രസരിപ്പ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിച്ച ഗാനം.
6. ഹംദര്‍ദ് (Ek Villain)
മനോഹരമായ മെലഡികള്‍ പാടാനുള്ള തന്റെ കഴിവ് അരിജിത് ഒരിക്കല്‍ കൂടി തെളിയിച്ച പാട്ടാണിത്. കേട്ടിരിക്കാന്‍ ഏറ്റവും സുഖമുള്ള ആ ശബ്ദം ഇനി പുതിയ സിനിമകളില്‍ ഉണ്ടാവില്ലെന്നത് ആരാധകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ബോളിവുഡിന് സംഭവിക്കുന്നത് എന്ത്?
അരിജിത് സിംഗ് ഒരു ഗായകന്‍ മാത്രമല്ല, ഒരു വികാരമാണ്. തന്റെ കരിയറിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം എടുത്ത ഈ തീരുമാനം ബോളിവുഡില്‍ വലിയൊരു ശൂന്യത സൃഷ്ടിക്കും. എങ്കിലും അദ്ദേഹം സൂചിപ്പിച്ചത് പോലെ, സ്വതന്ത്ര സംഗീതത്തിലൂടെ (Independent Music) ആ മാന്ത്രിക ശബ്ദം നമുക്ക് ഇനിയും കേള്‍ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.


