- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ആശ്വാസം; ഇരുവരെയും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി കോടതി; ഇരുവര്‍ക്കുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി; സിബിഐക്കും കോടതിയുടെ രൂക്ഷ വിമര്‍ശനം; രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കന്‍ ചമച്ച കേസെന്ന് കെജ്രിവാള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു കെജ്രിവാള്‍
ഡല്‍ഹി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിനും മനീഷ് സിസോദിയക്കും ആശ്വാസം

ന്യൂഡല്‍ഹി: വിവാദമായ ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും രാഷ്ട്രീയമായി വന്‍ തിരിച്ചുവരവനി കളമൊരുങ്ങുന്നു. കേസില്‍ ഇരുവരെയും ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു.
നീണ്ട നിയമപോരാട്ടങ്ങള്‍ക്കും ജയില്‍വാസത്തിനും ശേഷമാണ് എഎപി നേതൃത്വത്തിന് ആശ്വാസമേകുന്ന വിധി വരുന്നത്. ഇരുവര്‍ക്കുമെതിരെ കേസ് പ്രഥമദൃഷ്ട്യ തെളിവുകള്‍ ഒന്നമില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിലെ അന്വേഷണ ഏജന്‍സിയായ സിബിഐയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു കോടതി.
ഗൂഢാലോചന നടത്തിയെന്നോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ ഏജന്‍സിയായ സിബിഐക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുന്ന നടപടികളിലേക്ക് കടക്കാനിരിക്കെയാണ്, വിചാരണ തുടങ്ങുന്നതിന് മുന്‍പുതന്നെ തെളിവുകളുടെ അഭാവത്തില്‍ എല്ലാവരെയും വിട്ടയച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
സിബിഐ സമര്‍പ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തില്‍ പിഴവുകളാണെന്നും പ്രതികള്‍ക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി ജഡ്ജി കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികള്‍ ഹാജരാക്കിയ രേഖകള്‍ വിചാരണയിലേക്ക് കടക്കാന്‍ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക ജഡ്ജിയുടെ ഉത്തരവ്. കെജ്രിവാളിനും സിസോദിയയ്ക്കുമെതിരെ ഉന്നയിക്കപ്പെട്ട ഗൂഢാലോചന കുറ്റങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സത്യം ജയിച്ചു എന്നാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിധിയോട് കെജ്രിവാള്‍ പ്രതികരിച്ചത്. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കന്‍ ചമച്ച കേസെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കവേ കെജ്രാവാള്‍ പൊട്ടിക്കരഞ്ഞു. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് തുടക്കം മുതല്‍ പാര്‍ട്ടി ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളെ പയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമത്തിനുള്ള തിരിച്ചടിയാണ് ഈ വിധിയെന്ന് എഎപി വക്താക്കള്‍ പ്രതികരിച്ചു.
2022-ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന പ്രചാരണം. മദ്യകമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കിയതിലൂടെ ലഭിച്ച കമ്മീഷന്‍ തുക ഗോവ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി. ഡല്‍ഹിയിലെ മദ്യകച്ചവടം സര്‍ക്കാരിന്റെ കീഴില്‍ നിന്നും മാറ്റി സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ 9500 കോടി രൂപയുടെ വരുമാനമാണ് ആമാദ്മി സര്‍ക്കാര്‍ അന്ന് ലക്ഷ്യമിട്ടിരുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആമാദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ മദ്യ ഇടപാടിലെ അഴിമതി ആരോപണങ്ങളായിരുന്നു. അരവിന്ദ് കെജ്രിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ വഴിതുറന്ന ആരോപണങ്ങളായിരുന്നു ഇവയെങ്കിലും, കോടതിയില്‍ ഇവയൊന്നും തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല.


