കാഠ്മണ്ഡു: നേപ്പാളില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 170 കവിഞ്ഞു. മരിച്ചവരില്‍ 73 പേര്‍ കാഠ്മണ്ഡു മേഖലയില്‍ ഉള്ളവരാണ്. അറുപതിലധികം പേരെ കാണാതായിട്ടുണ്ട്. മക്വന്‍പുരിലെ ഓള്‍ നേപ്പാള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫീസ് മണ്ണിടിച്ചിലില്‍ നിലംപൊത്തിയിട്ടുണ്ട്്. ആറ് പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്്. 322 വീടുകളും 16 പാലങ്ങളും നിരവധി റോഡുകളും തകര്‍ന്നു. പ്രതികൂല കാലാവസ്ഥ റോഡ്--വ്യോമ ഗതാഗതത്തെയും ബാധിച്ചു. നിരവധി വിനോദ സഞ്ചാരികള്‍ വിവിധ കേന്ദ്രങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.

വ്യാഴാഴ്ച മുതല്‍ പെയ്യുന്ന ശക്തമായ മഴ നേപ്പാളിലെ എല്ലാ മേഖലകളിലും കനത്ത നാശനഷ്ടമാണ് വിതച്ചത്. ഇന്നലെ മുതല്‍ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് കാഠ്മണ്ഡു താഴ്വരയില്‍ ഉണ്ടായത് എന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേപ്പാള്‍ സൈന്യവും പൊലീസും രാജ്യത്തുടനീളം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. 35പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 3500 പേരെ രക്ഷപ്പെടുത്താനായതായി പ്രതിരോധ മന്ത്രാലയം വക്താവ് ഋഷി റാം തിവാരി അറിയിച്ചു. നേപ്പാളില്‍ സ്്ക്കൂളുകള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

സര്‍വകലാശാലകള്‍ക്കും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാഠ്മണ്ഡുവിലെ ബാഗ്മതി നദിയില്‍ ജലനിരപ്പുയര്‍ന്ന് ഇപ്പോഴും അപകടനിലയില്‍ തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സൈന്യത്തിനും പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കെ പി ശര്‍മ ഒലി പറഞ്ഞു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കാണാതായവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതഉണ്ടെന്നാണ് സൂചന. വീടുകളും വാഹനങ്ങളുമെല്ലാം മണ്ണിടയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തലസ്ഥാനമായ കാഠ്മണ്ഡു രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാഠ്മണ്ഡു വിമാനത്താവളത്തില്‍ മാത്രം 240 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 2002 ന് ശേഷം ഇപ്പോഴാണ് ഇത്രയും ശക്തമായ തോതിലുള്ള മഴ ഇവിടെ രേഖപ്പെടുത്തിയത്. പലരും വീടുകളിലെ ടെറസില്‍ കയറിയാണ് രക്ഷപ്പെട്ടത് എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റെഡ്ക്രോസ് ഉള്‍പ്പെടെയുളള സംഘടനകള്‍ രക്ഷാപ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ജൂലൈയില്‍ തെക്ക് പടിഞ്ഞാറന്‍ നേപ്പാളില്‍ ഉണ്ടായ

വെള്ളപ്പൊക്കത്തില്‍ 59 യാത്രക്കാരുമായി രണ്ട് ബസുകളാണ് ഒലിച്ചു പോയത്.

ഈ വര്‍ഷം മാത്രം 260 ഓളം പേരാണ് നേപ്പാളിലെ വെള്ളപ്പൊക്കങ്ങളില്‍ മരണമടഞ്ഞത്. ഇപ്പോഴത്തെ വെള്ളപ്പൊക്കത്തില്‍ ഗന്ധക്, കോസി, ബാഗ്മതി നദികള്‍ കരകവിഞ്ഞത്് 13 ജില്ലകളെ വെള്ളത്തിലാഴ്ത്തി. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, ഷിയോഹര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, സീതാമര്‍ഹി, അരാരിയ, കിഷന്‍ഗഞ്ച്, പൂര്‍ണിയ, സുപൗള്‍, മധേപുര, മുസാഫര്‍പൂര്‍, മധുബാനി എന്നിവിടങ്ങളെയാണ് സാരമായി ബാധിച്ചത്.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെ നേരിടാന്‍ സജ്ജമായി നില്‍ക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അടുത്ത രണ്ട് ദിവസത്തേക്ക് പ്രശ്‌നബാധിത മേഖലക്കു സമീപം ക്യാമ്പ് ചെയ്യാന്‍ ഉന്നതഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.