- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാപകലില്ലാതെ കഠിനാദ്ധ്വാനം; മുണ്ടക്കൈയെ ബന്ധിപ്പിക്കാനുള്ള ബെയ്ലി പാലത്തിന്റെ പണി പുരോഗമിക്കുന്നു; പുഴയ്ക്ക് മധ്യത്തില്‍ തൂണ് സ്ഥാപിച്ച് നിര്‍മ്മാണം
കല്‍പ്പറ്റ: രാത്രി-പകല്‍ ഭേദമെന്യേ രക്ഷാദൗത്യത്തിനായി കഠിനപ്രയത്നത്തിലാണ് കരസേന. രക്ഷാപ്രവര്‍ത്തനം സുഗമമാക്കാനായി ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം രാത്രിയിലും പുരോഗമിക്കുകയാണ്. നാളെ യോടെ മുണ്ടക്കൈ ഭാഗത്തുള്ള കരയില്‍ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.
ചൂരല്‍ മലയില്‍ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാല്‍ പാലത്തിന്റെ തൂണ് സ്ഥാപിക്കുന്നതില്‍ പ്രയാസമുണ്ട്. അതാണ് പാലത്തിന്റെ പണി വൈകാന്‍ കാരണം. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂണ് സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളില്‍ ഇരുമ്പ് തകിടുകള്‍ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങള്‍ക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.
190 അടി നീളത്തിലാണ് പാലം നിര്‍മ്മിക്കുന്നത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ് സ്ഥാപിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനം എളുപ്പമാകും.
ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനം വഴി എത്തിക്കുന്ന സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവരിക. ചൊവ്വാഴ്ച രാത്രിയോടെ ആദ്യ വിമാനത്തില്‍ എത്തിയ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത്.
ബുധനാഴ്ച വൈകീട്ട് കണ്ണൂരില്‍ എത്തുന്ന രണ്ടാമത്തെ വിമാനത്തില്‍ നിന്നുള്ള സാമഗ്രികള്‍ 15 ട്രക്കുകളിലായി രാത്രിയോടെ ചൂരല്‍ മലയില്‍ എത്തും. ബംഗ്ലൂരുവില്‍ നിന്നും കരമാര്‍ഗ്ഗവും സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
കേരള ആന്‍ഡ് കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി ടി മാത്യുവിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. കരസേനയുടെ 100 പേര് കൂടി രക്ഷാദൗത്യത്തിനായി ഉടന്‍ ദുരന്തമുഖത്ത് എത്തും.
മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്നിഫര്‍ നായകള്‍ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തും. മീററ്റില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇവ കണ്ണൂര്‍ വിമാനത്താവളത്തിലും അവിടെനിന്ന് ദുരന്ത മേഖലയിലും എത്തും.