- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉസ്മാന്‍ ഹാദി വധക്കേസില്‍ വന്‍ ട്വിസ്റ്റ്! മുഖ്യപ്രതി ഇന്ത്യയിലല്ല, ദുബായില്‍; ബംഗ്ലാദേശ് പോലീസിനെ വെട്ടിലാക്കി ഫൈസല്‍ മസൂദിന്റെ വീഡിയോ പുറത്ത്; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; ജമാഅത്തെ ഇസ്ലാമിയെ വിരല്‍ ചൂണ്ടി ഫൈസല്‍; ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയ ബംഗ്ലാദേശിന് കനത്ത തിരിച്ചടി
ഉസ്മാന്‍ ഹാദി വധക്കേസില്‍ വന്‍ ട്വിസ്റ്റ്!
ധാക്ക/ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായ ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ഫൈസല്‍ കരീം മസൂദ് താന്‍ ഇന്ത്യയിലല്ല, ദുബായിലാണ് ഉള്ളതെന്ന് വ്യക്തമാക്കുന്ന വീഡിയോ സന്ദേശം പുറത്തുവിട്ടു. തനിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരു തീവ്ര രാഷ്ട്രീയ സംഘടനയാണ് ഇതിന് പിന്നിലെന്നും മസൂദ് വീഡിയോയില്‍ അവകാശപ്പെടുന്നു.
ഇന്ത്യന്‍ ബന്ധം നിഷേധിച്ച് മസൂദ്
പ്രതികള്‍ മേഘാലയ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പോലീസിന്റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളുന്നതാണ് മസൂദിന്റെ വീഡിയോ. താന്‍ നിയമപരമായ വിസയിലാണ് ദുബായില്‍ എത്തിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇന്‍ക്വിലാബ് മഞ്ചൊ വക്താവായ ഹാദിയുമായി തനിക്ക് ബിസിനസ് ബന്ധം മാത്രമാണുണ്ടായിരുന്നത്. ജോലി ശരിയാക്കി നല്‍കാനായി 5 ലക്ഷം ടാക്ക ഹാദിക്ക് നല്‍കിയിരുന്നു. ഹാദിയുടെ വിവിധ പരിപാടികള്‍ക്കായി പണം നല്‍കാറുണ്ടായിരുന്നുവെന്നും മസൂദ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരോപണം
ഹാദി 'ജമാഅത്തിന്റെ ഉല്‍പ്പന്നം' ആയിരുന്നുവെന്നും അവര്‍ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും മസൂദ് ആരോപിക്കുന്നു. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികള്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ തന്നെ ന്യൂഡല്‍ഹി ഇത് ശക്തമായി നിഷേധിച്ചിരുന്നു. തീവ്രവാദ ഗ്രൂപ്പുകള്‍ ഇന്ത്യക്കെതിരെ വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. മസൂദിന്റെ പാസ്‌പോര്‍ട്ട് വിവരങ്ങളും യുഎഇ വിസയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ നിലപാട് കൂടുതല്‍ ബലപ്പെട്ടു.
ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ചാണ് മാസ്‌ക് ധരിച്ച തോക്കുധാരികള്‍ ഉസ്മാന്‍ ഹാദിക്ക് നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അദ്ദേഹം മരണമടഞ്ഞു. ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് കാരണമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലെ പ്രധാന മുഖമായിരുന്നു ഹാദി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പ്രധാന പത്രമാപ്പീസുകള്‍ക്ക് തീയിടുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു.
പ്രതിയുടെ ദുബായിലെ സാന്നിധ്യം സംബന്ധിച്ച തെളിവുകള്‍ പുറത്തുവന്നതോടെ ഉസ്മാന്‍ ഹാദി കേസ് കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. കേസില്‍ ബംഗ്ലാദേശ് വ്യാപകമായി തിരയുന്ന മുഖ്യപ്രതിയാണ് ഫൈസല്‍ കരീം മസൂദ്. ഇദ്ദേഹം ഇന്ത്യയിലേക്ക് കടന്നുവെന്നുള്ള ബംഗ്ലാദേശ് പോലീസിന്റെ ഔദ്യോഗിക നിലപാടിനെ പൂര്‍ണ്ണമായും തള്ളുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.




