ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ക്രിസ്മസ് തലേന്നുണ്ടായ ശക്തമായ നാടന്‍ ബോംബ് സ്‌ഫോടനത്തില്‍ 21 വയസ്സുകാരന്‍ കൊല്ലപ്പെട്ടു. മൊഗ്ബസാര്‍ മേഖലയിലെ ഫ്‌ലൈഓവറിന് മുകളില്‍ നിന്ന് അക്രമികള്‍ ബോംബ് താഴേക്ക് എറിയുകയായിരുന്നു. സ്‌ഫോടനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൈഫുള്‍ സിയാം എന്ന യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ബുധനാഴ്ച വൈകുന്നേരം 7:10 ഓടെ മൊഗ്ബസാര്‍ ഫ്‌ലൈഓവറിന് സമീപമാണ് സ്‌ഫോടനം നടന്നത്. ബംഗ്ലാദേശ് മുക്തിയോദ്ധ സംസദ് സെന്‍ട്രല്‍ കമാന്‍ഡിന് സമീപമുള്ള മൊഗ്ബസാര്‍ ജംഗ്ഷനിലാണ് ആക്രമണമുണ്ടായത്. ന്യൂ എസ്‌കാടണിലെ അസംബ്ലീസ് ഓഫ് ഗോഡ് (എജി) പള്ളിയോട് ചേര്‍ന്നുള്ള ഹാതിര്‍ഝീല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ പ്രദേശം. റമ്‌ന ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മസൂദ് ആലം 'ജാഗോ ന്യൂസി'നോട് പറഞ്ഞതനുസരിച്ച്, ഫ്‌ലൈഓവറില്‍ നിന്ന് ശക്തമായ കോക്ടെയില്‍ ബോംബാണ് എറിഞ്ഞത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചതായും, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

മൊഗ്ബസാര്‍ മേഖലയിലെ 'സാഹിദ് കാര്‍ ഡെക്കറേഷന്‍' എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സൈഫുള്‍ സിയാം. സംഭവസമയത്ത് സമീപത്തുള്ള കടയില്‍ ലഘുഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ഇദ്ദേഹം. സിയാം ചായ കുടിക്കാന്‍ വന്നപ്പോള്‍ പെട്ടെന്ന് ഒരു വലിയ ശബ്ദം കേള്‍ക്കുകയും പിന്നീട് ഇയാള്‍ നിലത്ത് വീണ് തലയില്‍ നിന്ന് രക്തം വാര്‍ന്ന് തലച്ചോറ് തെറിച്ച നിലയില്‍ കാണപ്പെട്ടുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന ചായക്കടക്കാരന്‍ ഫാറൂക്ക് പറഞ്ഞു.

നിലവില്‍ മൊഗ്ബസാര്‍ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി രാംന ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മസൂദ് ആലം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

രാഷ്ട്രീയ പശ്ചാത്തലം

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (BNP) നേതാവ് താരീഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വ്യാഴാഴ്ച രാജ്യത്തേക്ക് മടങ്ങിയെത്താനിരിക്കെയാണ് ഈ അക്രമം. മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്‌മാന്റെയും മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മകനാണ് താരീഖ് റഹ്‌മാന്‍.അദ്ദേഹത്തിന്റെ മാതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയ നിലവില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്താല്‍ ചികിത്സയിലാണ്.

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെ അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

താരീഖ് റഹ്‌മാന്റെ വരവിനോടനുബന്ധിച്ച് നഗരത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇരട്ടിയാക്കിയിരിക്കുകയാണ്.

ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ അസ്വാരസ്യങ്ങള്‍


അടുത്തിടെയുണ്ടായ ചില സംഭവങ്ങള്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും മോശമായി ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിദ്യാര്‍ത്ഥി നേതാവ് ഷരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. മൈമെന്‍സിംഗ് മേഖലയില്‍ ഹിന്ദു യുവാവായ ദീപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധങ്ങളും സിലിഗുരിയിലെ വിസ സെന്ററിന് നേരെയുള്ള ആക്രമണങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായിട്ടുണ്ട്.