ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയെ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം കോടതികള്‍ക്ക് ഇല്ലെന്ന സുപ്രധാന നിലപാടാകും കേന്ദ്രം ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ഉന്നയിക്കുക. ഭരണഘടനയുടെ 25 (1) അനുച്ഛേദ പ്രകാരം ഒരു മതവിഭാഗത്തില്‍ പരിഷ്‌കരണം കൊണ്ടുവരാന്‍ വ്യക്തികള്‍ക്ക് അവകാശമില്ലെന്നും കേന്ദ്രം വാദിക്കും.

ശബരിമല കേസ് പരിഗണിക്കുന്ന പുതിയ ഭരണഘടനാ ബെഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തങ്ങളുടെ വാദം എഴുതി നല്‍കിയിട്ടില്ല. എന്നാല്‍, ഒമ്പതംഗ ഭരണഘടനാ ബെഞ്ച് 2019-ല്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ മറുപടികളുടെ അടിസ്ഥാനത്തിലാകും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദങ്ങള്‍ ഉന്നയിക്കുക.

ലോകത്തിലെ വിവിധ കോടതികള്‍ മതാചാരങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ കോടതികള്‍ മതാചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മതം, മതവിഭാഗങ്ങള്‍ എന്നിവയുടെ നിര്‍വചനം നല്‍കാന്‍ കോടതികള്‍ക്ക് കഴിയില്ലെന്നും, ഒരു മതാചാരം അനിവാര്യമായ ഒന്നാണോ എന്ന് പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കേന്ദ്രം വാദിക്കും. മറിച്ച്, ആ മതവിഭാഗം ആ ആചാരം ആത്മാര്‍ത്ഥമായി പിന്തുടരുന്നുണ്ടോ എന്ന് മാത്രമാണ് കോടതിക്ക് പരിശോധിക്കാന്‍ കഴിയുകയെന്ന് ഷിരൂര്‍ മഠം കേസില്‍ ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടും.

മൗലികാവകാശങ്ങള്‍ സന്തുലിതമാക്കുക എന്നതായിരിക്കണം കോടതികളുടെ നിലപാട്; ഒന്നിന് മുകളില്‍ മറ്റൊന്ന് അടിച്ചേല്‍പ്പിക്കുക എന്നതാകരുതെന്നും സര്‍ക്കാര്‍ വാദിക്കും. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ഹിന്ദുമത വിശ്വാസികള്‍ക്ക് ലഭിക്കുന്ന മതാചാരങ്ങള്‍, ആരാധനാരീതികള്‍ എന്നിവയിലെ അവകാശങ്ങള്‍ ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള ലിംഗസമത്വവുമായി താരതമ്യം ചെയ്യപ്പെടരുതെന്ന സുപ്രധാന നിലപാടും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കും. കേരളത്തിലെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല, ചക്കുളത്ത് കാവിലെ നാരി പൂജ, പുഷ്‌കറിലെ ബ്രഹ്‌മ ക്ഷേത്രത്തിലെ ആചാരങ്ങള്‍ തുടങ്ങിയ ഹൈന്ദവ ആരാധനാലയങ്ങളിലെ സമാനമായ പ്രത്യേകതകളും കേന്ദ്രം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയേക്കും.

ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരമുള്ള അവകാശങ്ങള്‍ കേവലം മതത്തിന് മാത്രമല്ല, മറിച്ച് ഓരോ മതവിഭാഗങ്ങള്‍ക്കും (Religious Denominations) കൂടി ഉള്ളതാണെന്ന ശക്തമായ വാദം കേന്ദ്രം കോടതിയില്‍ ഉയര്‍ത്തും. കാലഹരണപ്പെട്ടതോ പരിഷ്‌കരിക്കേണ്ടതോ ആയ മതാചാരങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ സമൂഹത്തിനും നിയമനിര്‍മ്മാണ സഭയ്ക്കും (Legislature) പൂര്‍ണ്ണ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കും. ഒരു മതം എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കപ്പുറം, ആ മതത്തിനുള്ളിലെ വിവിധ വിഭാഗങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ഉണ്ടെന്ന് കേന്ദ്രം വാദിക്കും.