- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ശ്വാസ തടസ്സവുമായി എത്തിയ കുഞ്ഞിന് നല്‍കിയത് രണ്ട് ഇന്ജക്ഷന്; പിന്നാലെ ബോധം മറഞ്ഞു, മിനിറ്റുകള്‍ക്കുള്ളില്‍ അന്ത്യം; കാട്ടാക്കട മമല്‍ ആശുപത്രിക്കെതിരെ കുടുംബം; അഞ്ച് ദിവസമായി അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍; രണ്ടരവയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിക്കുന്നതിനിടെ കേസെടുത്ത് ആര്യനാട് പൊലീസ്
രണ്ടരവയസുകാരിയുടെ മരണത്തില്‍ ചികിത്സാ പിഴവ് ആരോപിക്കുന്നതിനിടെ കേസെടുത്ത് ആര്യനാട് പൊലീസ്

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രണ്ടര വയസ്സുകാരി ആയിഷ ഫാത്തിമ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണെന്നും ചികിത്സയില്‍ ഗുരുതര വീഴ്ചയുണ്ടായെന്നുമാണ് ബന്ധുക്കളുടെ പരാതി. എന്നാല്‍, ഈ ആരോപണങ്ങള്‍ ചികിത്സിച്ച ഡോക്ടര്‍ പൂര്‍ണ്ണമായും തള്ളി.
ആര്യനാട് പുനലാല്‍ സ്വദേശികളായ സിദ്ദിഖ് - ഫൈസലത്ത് ദമ്പതികളുടെ മകള്‍ ആയിഷ ഫാത്തിമയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശ്വാസതടസ്സവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.
ജനുവരി 18ന് ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. പനിയും തളര്‍ച്ചയും കൂടിയതോടെ ജനുവരി 19 നാണ് കാട്ടാക്കട മമല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത. തൊട്ടടുത്ത ദിവസം കണ്‍പോളകളിലെ തടിപ്പിന് ശ്രീനേത്ര ആശുപത്രിയില്‍ പരിശോധന നടത്തി. ഞായറാഴ്ച ശാരീരിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചതോടെ വീണ്ടും മമല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുടുംബത്തിന്റെ ആരോപണം
ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ എത്തിയ കുട്ടിക്ക് ആവി പിടിക്കുകയും ഓക്‌സിജന്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കയ്യില്‍ രണ്ട് കുത്തിവയ്പ്പുകള്‍ നല്‍കിയെന്നും ഉടന്‍ തന്നെ കുട്ടി ബോധരഹിതയായെന്നുമാണ് കുടുംബം പറയുന്നത്. ഉടന്‍ തന്നെ നെയ്യാര്‍ മെഡിസിറ്റിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഡോക്ടറുടെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ഇവരുടെ വാദം.
ഡോക്ടറുടെ വിശദീകരണം
ചികിത്സാ പിഴവ് എന്ന ആരോപണം ഡോക്ടര്‍ ഡോ. അരുണ്‍ വാര്യര്‍ നിഷേധിച്ചു. അഞ്ച് ദിവസമായി അസുഖബാധിതയായിരുന്ന കുട്ടിയെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മുഖത്ത് നീരുണ്ടായിരുന്നു. ഇത് ഗുരുതരമായ അവസ്ഥയുടെ സൂചനയായതിനാല്‍ തിരുവനന്തപുരം എസ്.എ.ടി (SAT) ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. ശ്വാസംമുട്ടലും കഫക്കെട്ടും മാറ്റാനായി നെബുലൈസേഷന്‍ നല്‍കി. കുട്ടിയുടെ ആരോഗ്യനില അങ്ങേയറ്റം മോശമായിരുന്നുവെന്ന് പിതാവിനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും ഡോക്ടര്‍ അവകാശപ്പെടുന്നു.
സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ നെയ്യാര്‍ മെഡിസിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലുടന്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം.


