തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്റെ ശാസ്തമംഗലത്തെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ അനുമതി വാങ്ങാതെ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയെന്ന പരാതി പോലീസ് അന്വേഷിക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്കു കൈമാറി. അഭിഭാഷകന്‍ കുളത്തൂര്‍ ജയ്സിങ് നല്‍കിയ പരാതിയിലാണ് നടപടി. അതിനിടെ ഈ വിഷയത്തില്‍ നിയമോപദേശം തേടിയ ശേഷം മാത്രമേ പോലീസ് കേസെടുക്കൂ. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ കൗണ്‍സിലര്‍ അതിക്രമിച്ചു കയറിയെന്ന വാദം നിലനില്‍ക്കുന്നത് അല്ലെന്ന് ചില പോലീസ് ഉന്നതര്‍ക്ക് അഭിപ്രായമുണ്ട്.

കോര്‍പ്പറേഷന് അപേക്ഷ നല്‍കി കൗണ്‍സില്‍ അംഗീകരിച്ച് രേഖാപരമായി അനുവാദം നല്‍കിയാല്‍ മാത്രമേ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കാര്യാലയത്തിലെ കെട്ടിടത്തില്‍ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കാന്‍ നിയമപരമായി കഴിയുകയുള്ളൂവെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്ക് ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അവിടെയെത്തിയത് ചട്ടലംഘനമാണെന്നാണു പരാതി. ഈ പരാതിയില്‍ കേസെടുത്താല്‍ അത് പല ചര്‍ച്ചകളിലേക്കും കാര്യങ്ങളെത്തിക്കും. കോര്‍പ്പറേഷന്‍ ബില്‍ഡിംഗിന്റെ അവകാശികള്‍ തിരുവനന്തപുരം കോര്‍പ്പറേഷനാണ്. ഈ സാഹചര്യത്തില്‍ അതിക്രമിച്ചു കയറി എന്ന് എങ്ങനെ കുളത്തൂര്‍ ജയ്‌സിങ് പറയുമെന്ന നിയമപരമായ സംശയവും പോലീസിലുള്ളവര്‍ക്കുണ്ട്.

വി.കെ.പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കത്തിനൊടുവില്‍ എംഎല്‍എയുടെ ഓഫിസിനു സമീപത്തുള്ള മുറിയില്‍ തന്നെ ഓഫിസ് തുറന്നിരുന്നു ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ. ഓഫിസ് തുറന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് അവര്‍ അറിയിച്ചത്. മുറിയെന്നു പറയാന്‍ കഴിയാത്ത ചെറിയ ഒരിടമാണെന്ന് ശ്രീലേഖ പറയുന്നു. ആത്മാര്‍ഥതയുള്ള ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. അവരെ സഹായിച്ചതില്‍ തൃപ്തിയുണ്ടെന്നും അതുമതിയെന്നും ശ്രീലേഖ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഭാരതാംബയുടെ ചിത്രം കസേരയില്‍ വച്ച് വിളക്ക് കൊളുത്തി ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ചിത്രങ്ങളും ശ്രീലേഖ പങ്കുവച്ചിട്ടുണ്ട്. കഷ്ടിച്ച് 70-75 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള തന്റെ ഇത്തിരിപ്പോന്ന കുഞ്ഞ് ഓഫിസ് മുറിയാണിതെന്നും കെട്ടിടത്തിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്നും ശ്രീലേഖ പോസ്റ്റില്‍ പറയുന്നു. രണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ശ്രീലേഖയുടെ വിമര്‍ശനം. ഓഫിസിന് ചുറ്റും കുട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ വീഡിയോയും അവര്‍ പങ്കുവച്ചിരുന്നു.

കോര്‍പറേഷനില്‍ ഭരണം പിടിച്ചതിനു പിന്നാലെ ഓഫിസ് സൗകര്യം വര്‍ധിപ്പിക്കാന്‍ എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ രംഗത്തെത്തിയതു വിവാദമായിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലാണ് വി.കെ.പ്രശാന്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫിസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫിസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്.

എന്നാല്‍, വാടക നല്‍കിയാണ് കെട്ടിടം പ്രവര്‍ത്തിക്കുന്നതെന്നും കെട്ടിടം ഒഴിയാന്‍ നോട്ടിസ് നല്‍കേണ്ടത് സെക്രട്ടറിയാണെന്നും പ്രശാന്ത് പറഞ്ഞിരുന്നു. കാലാവധി തീരാതെ ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിവാദം ഉയര്‍ന്നതിനു പിന്നാലെ കെട്ടിടത്തിന്റെ ഒരു വര്‍ഷത്തെ വാടകക്കുടിശിക എംഎല്‍എ അടച്ചുതീര്‍ത്തു.