- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസി ഗ്രൂപ്പുകാരിയായത് കൊണ്ടാണ് നിജിക്ക് പരിഗണന ലഭിച്ചതെന്ന് ലാലി; ആഞ്ഞടിച്ച് രാജന്‍ പല്ലനെതിരെയും ആരോപണം; മേയര്‍ സീറ്റ് വിറ്റെന്ന് ആരോപണം: കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; തീരുമാനം ഹൈക്കമാണ്ട് നിര്‍ദ്ദേശത്തില്‍; ദീപ്തിയുടേത് പരിധി വിടാത്ത വിമര്‍ശനം
തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ പദവി വില്‍പനയ്ക്ക് വെച്ചുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുതിര്‍ന്ന കൗണ്‍സിലര്‍ ലാലി ജെയിംസിനെതിരെ കോണ്‍ഗ്രസ് നേതൃത്വം കര്‍ശന നടപടിയെടുത്തത് ഹൈക്കമാണ്ട് നിര്‍ദ്ദേശ പ്രകാരം. ലാലിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടിയെങ്കിലും പാര്‍ട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ലാലി ഉന്നയിച്ചത്. ലാലിയുടേത് അംഗീകരിക്കാന്‍ കഴിയാത്ത പ്രതികരണമാണെന്ന് എഐസിസി വിലയിരുത്തി.
മേയര്‍ സ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ജില്ലാ നേതൃത്വത്തിനെതിരെ ലാലി ജെയിംസ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഭീമമായ തുക കൈക്കൂലി വാങ്ങിയാണ് കോണ്‍ഗ്രസ് നേതൃത്വം മേയര്‍ പദവി കൈമാറ്റം ചെയ്തതെന്നായിരുന്നു ലാലിയുടെ പ്രധാന ആരോപണം. യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ ഡോ. നിജി ജസ്റ്റിനെതിരെയും അവര്‍ ഗുരുതരമായ പരാതികള്‍ ഉന്നയിച്ചു. നിജിയും ഭര്‍ത്താവും പണപ്പെട്ടിയുമായി നേതാക്കളെ കണ്ട് സ്വാധീനിച്ചുവെന്നും, തനിക്ക് പണം നല്‍കാന്‍ കഴിയാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നും ലാലി തുറന്നടിച്ചു. പരിധിവിട്ട അച്ചടക്ക ലംഘനമായി ഇത് വിലയിരുത്തി.
എ.ഐ.സി.സി തലത്തിലുള്ള നേതാക്കളെ വരെ പണവുമായി നിജി ജസ്റ്റിന്‍ പോയി കണ്ടുവെന്നും, കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍ ഇതിന് പിന്നിലുണ്ടെന്നും ലാലി ആരോപിച്ചു. കെ.സി വേണുഗോപാല്‍ ഗ്രൂപ്പുകാരിയായത് കൊണ്ടാണ് നിജിക്ക് പരിഗണന ലഭിച്ചതെന്നും അവര്‍ പറഞ്ഞു. ഇതിന് പുറമെ, മുന്‍ പ്രതിപക്ഷ നേതാവ് രാജന്‍ പല്ലനെതിരെയും ലാലി ആഞ്ഞടിച്ചു. രാജന്‍ പല്ലന്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആക്ഷേപം.
തനിക്കെതിരെ നടപടിയുണ്ടായാല്‍ പാര്‍ട്ടിയിലെ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ പുറത്തുവിടുമെന്ന് ലാലി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭീഷണി അവഗണിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സസ്പെന്‍ഷന്‍ നടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്. നഗരസഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ ഉടലെടുത്ത ഈ തര്‍ക്കം വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമാറിയേക്കും. കൊച്ചിയിലും ദീപ്തി മേരി വര്‍ഗ്ഗീസിന് മേയറാകാന്‍ കഴിയാത്തതില്‍ അമര്‍ഷമുണ്ടായിരുന്നു. എന്നാല്‍ പരിധി വിട്ട വിമര്‍ശനം നടത്തിയില്ല. തന്റെ വേദന മാത്രമാണ് പുറത്തു പങ്കുവച്ചത്.
കെപിസിസി മാര്‍ഗ്ഗ നിര്‌ദ്ദേശം ലംഘിച്ചുവെന്ന് മാത്രമായിരുന്നു ദീപ്തിയുടെ പ്രതികരണം. എന്നാല്‍ ലാലിയുടേത് കടന്നാക്രമണമായി മാറി. ഈ സാഹചര്യത്തിലാണ് നടപടി. ദീപ്തിയും കെസിയുടെ ഗ്രൂപ്പാണ്. എന്നാല്‍ കൊച്ചിയില്‍ ദീപ്തി മേയറായില്ല. ഈ സാഹചര്യത്തില്‍ കേരളത്തിലെ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നാണ് കെസി പറയുന്നത്.




