- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുര്‍ക്കിയില്‍ കോണ്‍ഗ്രസ് എന്തിന് ഓഫീസ് തുറന്നു? ആരോപണവുമായി കത്തിക്കയറി അര്‍ണാബ് ഗോസ്വാമി; റിപ്പബ്ലിക് ടിവിയുടെ ആരോപണം ഏറ്റുപിടിച്ചു കോണ്‍ഗ്രസിനെതിരെ സൈബര്‍ പ്രചരണവുമായി ബിജെപി; പാക്കിസ്ഥാനെ പിന്തുണച്ചതില്‍ തുര്‍ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ആളിക്കത്തുമ്പോള്‍ അര്‍ണാബ് പറഞ്ഞത് വാസ്തവമോ?
തുര്‍ക്കിയില്‍ കോണ്‍ഗ്രസ് എന്തിന് ഓഫീസ് തുറന്നു?
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ നീക്കത്തില്‍ പാക്കിസ്ഥാന് സൈനിക സഹായം ചെയ്ത തുര്‍ക്കിക്കെതിരെ രാജ്യത്ത കനത്ത ജനരോഷം ഇരമ്പുകയാണ്. ഇതോടെ തുര്‍ക്കിയുമായി സഹകരണപാത വെടിയുകയാണ് ഇന്ത്യ. തുര്‍ക്കിയിലേക്കുള്ള ടൂറിസം ബുക്കിംഗുകള്‍ അടക്കം റദ്ദു ചെയ്തു. ഇത കൂടാതെ തുര്‍ക്കിയുമായി സഹകരിക്കുന്ന നയം മാറ്റി യൂണിവേഴ്‌സിറ്റികള്‍ കരാര്‍ റദ്ദു ചെയ്തു. ഇന്ത്യയിലെ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗത്തില്‍ നിന്നും തുര്‍ക്കി കമ്പനിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കോണ്‍ഗ്രസിലെ ലാക്കാകിയും ചില ആരോപണങ്ങള്‍ എത്തിയത്. തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഒരു ഓഫീസുണ്ടെന്ന ആരോപണം ഉയര്‍ത്തി കൊണ്ടു രംഗത്തുവന്നത് റിപ്പബ്ലിക് ടി വി എം ഡി അര്‍ണാബ് ഗോസ്വാമിയാണ്. അര്‍ണാബിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസിനെതിരെ സൈബര്‍ ആക്രമണങ്ങളും സജീവമായി. കോണ്‍ഗ്രസ് ഇസ്താംബുളില്‍ എന്തിന് ഓഫീസ് തുറന്നു എന്ന ചോദ്യം ഉയര്‍ത്തിയാണ് അര്‍ണാബ് ചര്‍ച്ചകളില്‍ നിറഞ്ഞത്. 2019ല്‍ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഓഫീസ് തുറന്നതെന്ന ആരോപണമാണ് ഉയര്‍ത്തിയത്.
അര്‍ണാബ് ഗോസ്വാമിയുടെ ആരോപണം എത്രകണ്ട് വസ്തുതാപരമാണെന്ന പരിശോധനയില്‍ ആരോപണം പൂര്‍ണമായും വസ്തുതയല്ലെന്ന് ബോധ്യമാകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിദേശത്ത് പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി). ഇവരാണ് ഇസ്താംബുളില്‍ ഓഫിസ് തുടങ്ങിയത്. അര്‍ണാബ് പറയുന്നത് പോലെ ഇത് സ്വന്തം കെട്ടിടമാണെന്നതിന് തെളിവുമല്ല. മറ്റെല്ലാം രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളെ പോലെ തന്നെയാണ് ഐഒസിയുടെ പ്രവര്‍ത്തനവും. ഇതാണ് തുര്‍ക്കി വിരുദ്ധ വികാരം ശക്തമായ വേളയില്‍ അര്‍ണാബ് ഗോസ്വാമി കോണ്‍ഗ്രസിനെതിരെ തിരിച്ചത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ വിദേശത്ത് പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി). രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ സാം പിത്രോദയ്ക്കാണ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ചുമതല. ഇന്ത്യാ-പാക് യുദ്ധപശ്ചാത്തലത്തില്‍ ഇന്ത്യാ-തുര്‍ക്കി ബന്ധം ഉലഞ്ഞതോടെ കോണ്‍ഗ്രസിന്റെ തുര്‍ക്കി ഓഫീസ് സംശയത്തിന്റെ നിഴലിലാണ്. തുര്‍ക്കിയില്‍ പോയി ഓഫീസ് തുറക്കാന്‍ ആരാണ് പണം നല്‍കുന്നത്? കോണ്‍ഗ്രസിനെക്കുറിച്ച് യാതൊന്നും അറിയാത്ത ഒരു തുര്‍ക്കിക്കാരനെ തന്നെ ഓഫീസ് ഭാരവാഹിക്കിയത് എന്തിന്? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തി ബിജെപി രംഗത്തുവന്നതും അര്‍ണാബ് അത് ഏറ്റു പിടിച്ചതും.
അതേസമയം മൂവായിരം ഇന്ത്യക്കാരാണ് തുര്‍ക്കിയിലുള്ളത് എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഓവര്‍സീസ് ഫ്രണ്ട് ഓഫ് ബിജെപി എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ ബിജെപിയെ അനുകൂലിക്കുന്നവരുടെ സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ട്. സമാനമായ വിധത്തിലാണ് കോണ്‍ഗ്രസിന്റെ സംഘടനയും പ്രവര്‍ത്തിക്കുന്നത് എന്നതു മാത്രമാണ്. സിപിഎമ്മിനും മുസ്ലിംലീഗിനുമെല്ലാം സമാനമായ സംഘടനകളുണ്ട് താനും. ഇതില്‍ കോണ്‍ഗ്രസിനെ തിരഞ്ഞുപിടിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നുമാത്രം.
അതേസമയം തുര്‍ക്കിക്കെതിരായ വിഷയത്തില്‍ പ്രതികരിക്കുന്നതില്‍ കോണ്‍ഗ്രസിന് തുടക്കത്തില്‍ തന്നെ പിഴവു സംഭവിച്ചിരുന്നു. തുര്‍ക്കിയെ ഇന്ത്യയിലെ ബിസിനസുകാരും കേന്ദ്രസര്‍ക്കാരും ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാനാവാതെ ആശയക്കുഴപ്പത്തിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും പവന്‍ ഖേരയും. പവന്‍ ഖേര പറയട്ടെ എന്ന അര്‍ത്ഥത്തില്‍ ജയറാം രമേഷ് മൈക്ക് പവന്‍ ഖേരയുടെ അടുത്തേക്ക് നീക്കിവെച്ചപ്പോള്‍ തിരിച്ച് ജയറാം രമേഷ് ഈ ചോദ്യത്തിന് ഉത്തരം നല്‍കട്ടെ എന്ന രീതിയില്‍ പവന്‍ ഖേര മൈക്ക് ജയറാം രമേഷിന്റെ അടുത്തേക്കും നീക്കികളിക്കുകയായിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ ട്രോളിന് ഇടയാക്കി. ഇതിന് പിന്നാലെയാണ് തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഓഫീസുണ്ടെന്ന വിധത്തില്‍ പ്രചരണങ്ങള്‍ എത്തിയത്.